Bhopal-Ujjain train blast a terrorist attack

ന്യൂഡല്‍ഹി: മരണത്തിന്റെ യഥാര്‍ത്ഥ വ്യാപാരികള്‍ ഇന്ത്യയില്‍ ആക്രമണം തുടങ്ങി?

ഭോപ്പാല്‍-ഉജ്ജയിന്‍ ട്രയിന്‍ സ്‌ഫോടനം നടത്തിയത് ഐ എസ് ഭീകരരാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മധ്യപ്രദേശിലെ ജബ്ദി സ്റ്റേഷനില്‍ വെച്ചുണ്ടായ സ്‌ഫോടനത്തില്‍ 10 യാത്രക്കാര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.

സ്‌ഫോടനം ആസൂത്രണം ചെയ്തത് ആതിഫ് മുസാഫര്‍ എന്ന അല്‍ ഖാസിം ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആതിഫ് ആണ് ഭോപ്പാല്‍-ഉജ്ജയിന്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ ഭോപ്പാലില്‍ വച്ച് പൈപ്പ് ബോംബ് സ്ഥാപിച്ചത്.

ഇന്റര്‍നെറ്റിലൂടെ ഐ എസുമായി ബന്ധം പുലര്‍ത്തി വന്ന ആതിഫ്, തീവ്ര ഐ എസ് ആശയം പുലര്‍ത്തുന്ന ആളാണ്. ഐ എസിന്റെ ഭാഗമായി ഖുരാസാന്‍ മൊഡ്യൂള്‍ എന്ന സംഘടന രാജ്യത്ത് ഇയാളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതായാണ് സൂചന.

ഈ വിവരം കേരള പൊലീസാണ് തെലങ്കാന പൊലീസിന് കൈമാറിയതെന്നാണ് പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെലുങ്കാന പൊലീസ് മധ്യപ്രദേശ് പൊലീസിനും ഉത്തര്‍പ്രദേശ് പൊലീസിനും വിവരങ്ങള്‍ കൈമാറുകയായിരുന്നു. സ്‌ഫോടനം നടത്തിയ യുവാക്കളുമായി സിറിയയിലെ ഐ എസ് പ്രവര്‍ത്തകര്‍ നടത്തിയ ഫോണ്‍ സംഭാഷണം കേരള പൊലീസ് ചോര്‍ത്തുകയായിരുന്നുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ആതിഫ് മുജാഫറിനെ കൂടാതെ സഫര്‍, ഡാനിഷ്, ഹംസ എന്നിവരെയും പിടികൂടിയിരുന്നു.

താക്കൂര്‍ഗഞ്ചാലില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇപ്പോള്‍ സൈന്യം വധിച്ച ഭീകരന്‍ സെയ്ഫുള്ളയുടെ പക്കല്‍ നിന്ന് ഐ എസ് പതാകയും ട്രെയിന്‍ സമയപ്പട്ടികയും കണ്ടെടുത്തതോടെ ഭീകരരുടെ ‘ഭാവിപരിപാടിയും ‘ വ്യക്തമായി കഴിഞ്ഞു.

പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, കത്തി, പണം, പാസ്‌പോര്‍ട്ട് തുടങ്ങിയവയും ഇയാളുടെ മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

പുതിയ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തുക പുതിയ അംഗങ്ങളെ ചേര്‍ക്കുക പ്രവര്‍ത്തനം വ്യാപിപ്പിക്കുക തുടങ്ങിയവയാണ് അഫ്ഗാന്‍, പാക് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖുരാസാന്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം. പാകിസ്ഥാനിലെ ഐ എസ് ഘടകമായ തെഹരീക് ഇ താലിബാന്‍ ഓഫ് പാകിസ്ഥാന്‍ എന്ന സംഘടനയുടെ ഭാഗമാണ് ഇതെന്ന വിവരം ഇതിനകം തന്നെ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

സിറിയയിലും ഇറാഖിലുമെല്ലാം കൊടും നാശം വിതച്ച ഭീകരത രാജ്യത്ത് ആദ്യമായി ഒരാക്രമണം നടത്തി എന്ന വാര്‍ത്തയെ അതീവ ഗൗരവമായാണ് രാജ്യം നോക്കി കാണുന്നത്.

ഐ എസ് ബന്ധം കണ്ടെത്താന്‍ കേരള പൊലീസ് നടത്തിയ സമര്‍ത്ഥമായ നീക്കങ്ങളാണ് ഇതുസംബന്ധമായ വിവരങ്ങള്‍ പുറത്ത് കൊണ്ട് വരാന്‍ കഴിഞ്ഞത് എന്ന വാര്‍ത്ത കേരള പൊലീസിനെ സംബന്ധിച്ച് രാജ്യത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാവുന്ന അഭിമാനത്തിന് വക നല്‍കുന്നതാണ്.

Top