സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; കൈലാഷ് ഉള്‍പ്പെടെ 350 പേര്‍ക്കെതിരെ കേസ്‌

ഭോപ്പാല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ ഉള്‍പ്പെടെ 350 ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

വെള്ളിയാഴ്ച ഇന്‍ഡോറില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ‘ആര്‍എസ്എസ് നേതാക്കള്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇന്‍ഡോറിന് തീവെച്ചേനെ’ എന്നായിരുന്നു വിജയ് വര്‍ഗീയയുടെ പ്രസംഗം. പ്രസംഗത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൈലാഷ് വിജയ് വര്‍ഗീയയ്ക്കും 350 പേര്‍ക്കുമെതിരെ കേസെടുത്തതെന്ന് സന്യോഗിതാംഗംജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ നരേന്ദ്രസിംഗ് രഘുവംശി പറഞ്ഞു.

143 (നിയമവിരുദ്ധമായി കൂട്ടംചേരല്‍), 153 (കലാപമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രകോപനം സൃഷ്ടിക്കല്‍), 188 (ഉത്തരവ് ലംഘിക്കല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അന്വേഷണം നടക്കുന്നുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും രഘുവംശി പറഞ്ഞു.

Top