അഹമ്മദാബാദ്: ഗുജറാത്തിലെ സഹജാനന്ദ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.കോളേജ് പ്രിന്‍സിപ്പാള്‍, കോര്‍ഡിനേറ്റര്‍, സൂപ്പര്‍വൈസര്‍, വനിതാ പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രിന്‍സിപ്പാള്‍ റീത്താ റാണിങ്ക, ഹോസ്റ്റര്‍ റെക്ടര്‍ റമീല ബെന്‍, പ്യൂണ്‍ നൈന എന്നിവരെ അന്വേഷണവിധേയമായി കോളേജ് മാനേജ്മെന്റ് ശനിയാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു.
ആര്‍ത്തവകാലത്ത് ഹോസ്റ്റല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ തയ്യാറാകുന്നില്ല എന്നാരോപിച്ച് കഴിഞ്ഞ ആഴ്ചയാണ് വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവ പരിശോധനക്ക് വിധേയരാക്കിയത്.ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ 68 പെണ്‍കുട്ടികളെയാണ് കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധിച്ചത്. പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ആര്‍ത്തവസമയത്ത് അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറി എന്നാരോപിച്ചായിരുന്നു പരിശോധന.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ദേശീയ വനിതാ കമ്മിഷന്‍ ഉള്‍പ്പടെ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.