ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് നടി ഭൂമിക ചൗള. സുശാന്തിന്റെ മരണത്തിന് കാരണം ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതമാണെന്ന ചര്‍ച്ചകള്‍ നിലനില്‍ന്നതിനിടെ ആണ് ട്വിറ്ററിലൂടെ താരത്തിന്റെ പ്രതികരണം.
ഇതിനുള്ള പരിഹാരം സിനിമാ മേഖല തന്നെ കണ്ടെത്തട്ടെയെന്നും പരസ്പരം പഴി ചാരാന്‍ നില്‍ക്കാതെ സുശാന്തിന്റെ ആത്മാവിനെ ബഹുമാനിക്കണമെന്നും ഭൂമിക കുറിച്ചു. സുശാന്ത് സിംഗ് രാജ്പുതിന് ഏറെ പ്രശസ്തി നല്‍കിയ എംഎസ് ധോണി ചിത്രത്തില്‍ സുശാന്തിന്റെ സഹോദരിയായി വേഷമിട്ടത് ഭൂമികയായിരുന്നു.
ഭൂമിക പങ്കുവച്ച കുറിപ്പ്
പ്രിയ സുശാന്ത്, നീ എവിടെയാണെങ്കിലും ദൈവത്തിന്‍റെ കരങ്ങളിലാണ് നീയുള്ളത്. നീ പോയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു. നിന്‍റെ മനസിലും ഹൃദയത്തിലും ആ രഹസ്യം മൂടിവച്ചിരിക്കുകയാണ്. സുശാന്തിന്‍റെ വിയോഗത്തില്‍ വിഷമിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെയും ചുറ്റുമുള്ളവരുടെയും കാര്യങ്ങൾ ശ്രദ്ധിക്കാൻ നിങ്ങളുടെ സമയം കണ്ടെത്തണം. സംഭവിച്ചതിനേക്കുറിച്ച് നിരവധി ഊഹങ്ങളാണ് പ്രചരിക്കുന്നത്.
ആരെയാണ് കുറ്റപ്പെടുത്തേണ്ടത്, സിനിമാ മേഖലയാണ് ഇതിന് ഉത്തരവാദി, പ്രണയമാണ് കാരണം.. അങ്ങനെ അങ്ങനെ പല ഊഹാപോഹങ്ങൾ. ദയവായി അവന്റെ ആത്മാവിനെ ബഹുമാനിക്കണം. പ്രാർഥിക്കണം. ആ സമയം ചുറ്റുമുള്ളവരെ സഹായിക്കാനും പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാനും ഉപയോഗിക്കൂ. നിങ്ങൾക്കും മറ്റുള്ളവർക്കുമായി പ്രാർഥിക്കൂ. വ്യായാമം ചെയ്യൂ, പോസിറ്റീവ് ആയിരിക്കൂ, മറ്റുള്ളവരെ പഴി ചാരാതിരിക്കൂ, പരസ്പരം ബഹുമാനിക്കൂ.. സിനിമാ മേഖല തന്നെ ഇതിന് ഒരു പരിഹാരം കണ്ടെത്തട്ടെ. പൊതുവിടത്തിൽ ഇത് ചർച്ചയാക്കാതിരിക്കൂ.. ഭൂമിക കുറിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ 14-നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് വിഷാദരോഗി ആയിരുന്നുവെന്നും ബോളിവുഡിൽ പലയിടത്തുനിന്നും തഴയപ്പെട്ടതാണ് താരത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്നും പിന്നാലെ ആരോപണങ്ങളുയർന്നു.