അഹമ്മദാബാദ്: ചരിത്ര വിജയം നേടി ഗുജറാത്തിൽ അധികാര തുടർച്ച നേടിയ ബി ജെ പി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. മുഖ്യമന്ത്രിയായി ഭൂപന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരത്തിലേറുമ്പോൾ മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്തേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗാന്ധിനഗറിലാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. മന്ത്രിസഭയിൽ ആദ്യ ഘട്ടത്തിൽ 20 പേരുണ്ടാവുമെന്നാണ് വിവരം. മന്ത്രിമാരെല്ലാം ഇന്ന് സത്യപ്രതിഞ്ജ ചെയ്തേക്കാനാണ് സാധ്യത.
തെരഞ്ഞെടുപ്പിൽ 182 അംഗ നിയമസഭയിൽ 156 സീറ്റുകൾ നേടിയാണ് ബി ജെ പി അധികാര തുടർച്ച നേടിയത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബി ജെ പി ഇക്കുറി സ്വന്തമാക്കിയത്. തുടർച്ചയായ ഏഴാം തവണയാണ് ബി ജെ പി സംസ്ഥാനത്ത് അധികാരത്തിലേറുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ടായി. ഇക്കാര്യത്തിൽ ബംഗാളിലെ സി പി എം റെക്കോർഡിനൊപ്പം എത്താനും ഗുജറാത്തിലെ ബി ജെ പിക്ക് സാധിച്ചു എന്നതാണ് മറ്റൊരു സവിശേഷത. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഇക്കുറി നിലംപരിശാകുകയായിരനവ്നു. കേവലം 17 സീറ്റുകൾ മാത്രം നേടിയാണ് കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യമായി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ എ എ പിക്ക് നേട്ടമുണ്ടാക്കാനായി എന്നതാണ് മറ്റൊരു കാര്യം. ഗുജറാത്തിൽ ആം ആദ്മി പാർട്ടി അഞ്ച് സീറ്റുകൾ നേടി.
അതേ സമയം പാർട്ടിയിൽ നിന്ന് രാജിവച്ച് ബി ജെ പിയിൽ ചേരാൻ നീക്കം തുടങ്ങിയ ആം ആദ്മി പാർട്ടി എം എൽ എ ഭൂപദ് ബയാനി ഇന്ന് തിരുമാനം പ്രഖ്യാപിച്ചേക്കും. ഭൂപദിനൊപ്പം എ എ പി പാർട്ടിയുടെ 4 എം എൽ എമാരും ബിജെപിയുമായി ചർച്ചയിലാണെന്നാണ് ഗുജറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും ഇക്കാര്യത്തിലും ഇന്ന് തീരുമാനമായേക്കും. ഇന്നലെ മാധ്യമങ്ങളെ കണ്ട ആം ആദ്മി പാർട്ടി എം എൽ എ ഭൂപദ് ബയാനി ബി ജെ പിയിലേക്ക് പോകില്ലെന്നാണ് പറഞ്ഞത്. എന്നാൽ അണിയറയിൽ ചർച്ചകൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൊതുജനങ്ങളോട് അവർക്ക് എന്താണ് വേണ്ടതെന്ന് ചോദിക്കുമെന്നും അതിന് ശേഷം തീരുമാനമെടുക്കുമെന്നും ഭൂപത് ഭയാനി വിശദീകരിച്ചിരുന്നു. ഇതാണ് അഭ്യൂഹങ്ങൾ ശക്തമായി തുടരാൻ കാരണം. ഗുജറാത്തിലെ വിസാവാദർ നിയമസഭാ സീറ്റിൽ നിന്ന് എഎപി ടിക്കറ്റിലാണ് ഭയാനി വിജയിച്ചത്. നേരത്തെ ബി ജെ പിയിലായിരുന്ന ഭയാനി പിന്നീട് എഎപിയിൽ ചേരുകയായിരുന്നു.