ഗാന്ധിനഗര്‍: ഗുജറാത്തിന്റെ 17ാം മത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 2.20നാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെന്ന് ഗവര്‍ണര്‍ ആചാര്യ ദേവ്‌രത് അറിയിച്ചു. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. ഉപമുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ല.
മന്ത്രിസഭയില്‍ അഴിച്ചു പണിയുണ്ടാകുമോ എന്നത് സംബന്ധിച്ച അനിശ്ചിതത്വവും നിലനില്‍ക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ സ്വാധീന ശക്തിയായ സമുദായത്തിന് സ്വീകാര്യനായ നേതാവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നതിലൂടെ ഭരണത്തുടര്‍ച്ചയാണ് ബി ജെ പി ലക്ഷ്യം വെക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേല്‍. ശനിയാഴ്ച വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തീരുമാനമനുസരിച്ചാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്നാണ് സൂചന.
ഗാന്ധി നഗറില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗമാണ് മുഖ്യമന്ത്രിയായി ഭൂപേന്ദ്രയെ തെരഞ്ഞെടുത്തത്. വിജയ് രൂപാണിയാണ് ഭൂപേന്ദ്രയുടെ പേര് നിര്‍ദ്ദേശിച്ചത്. ഗഡ്‌ലോദിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഭൂപേന്ദ്ര പട്ടേല്‍. കന്നിയങ്കത്തില്‍ 1.1 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്നു.