ഛത്തീസ്ഗഡിലെ രാഷ്ട്രീയ തര്‍ക്കത്തിന് താല്‍ക്കാലിക ശമനം. ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രിയായി തല്‍ക്കാലം തുടരട്ടേയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ചര്‍ച്ച ഉടന്‍ ആരംഭിക്കാമെന്ന് വിമത നേതാവ് സിംഗ്ഡിയോയ്ക്ക് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി.
പത്ത് ദിവസത്തിലേറെയായി തുടരുന്ന ഛത്തീസ്ഗഡ് രാഷ്ട്രീയതര്‍ക്കത്തിനു താല്‍ക്കാലിക ശമനമായതിന് പിന്നില്‍ ഭൂപേഷ് ഭാഗലിന്റെ ശക്തിപ്രകടനം തന്നെയാണ്. തന്നെ പിന്തുണക്കുന്ന എം.എല്‍.എ മാരെ ഡല്‍ഹിയിലെത്തി ഹൈക്കമാന്റിന് മുന്നില്‍ അണിനിരത്തിയാണ് ഭൂപേഷ് ഭാഗല്‍ ഞെട്ടിച്ചത്.
കേന്ദ്ര നേതൃത്വം ചോദിക്കാതെ തന്നെയാണ് ഇങ്ങനെയൊരു നടപടി ഭൂപേഷ് ഭാഗലിന്റെ ഭാഗത്തുനിന്നുണ്ടായത്. എം.എല്‍.എമാര്‍ അവരുടെ നേതാവിനെ കാണാന്‍ എത്തിയത് തനിക്ക് തടയാനാവില്ല എന്ന് ഭാഗല്‍ പുറമേ പറയുന്നുണ്ടെങ്കിലും വിമത നേതാവും ആരോഗ്യ മന്ത്രി സിംഗ്ഡിയോയേക്കാള്‍ പിന്തുണയുണ്ടെന്ന് നേതൃത്വത്തെ അറിയിക്കുകയാണ് ഇതിലൂടെ ഭൂപേഷ് ഭാഗല്‍ ഉന്നംവെച്ചത്.
രണ്ട് വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പ് ഹൈക്കമാന്‍ഡ് പാലിക്കണമെന്ന് ആവശ്യവുമായി ഒരാഴ്ചയിലേറെയായി സിംഗ് ഡിയോ ഡല്‍ഹിയില്‍ തുടരുകയാണ്. എന്നാല്‍ ഛത്തീസ്ഗഡിലേക്ക് തിരിച്ചു പോകണമെന്നും രാഹുല്‍ഗാന്ധി ചത്തീസ്ഗഡില്‍ എത്തി ചര്‍ച്ച നടത്തുമെന്നും ഡിയോയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു.