പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. തഹസില്‍ദാരായ വി സുധാകരനാണ് പിടിയിലായത്. പാലക്കാട് സ്വദേശി ഐസക്കില്‍ നിന്നാണ് ഇയാള്‍ പണം കൈപ്പറ്റാന്‍ ശ്രമിച്ചത്. പരാതിക്കാരന്‍ പണം കൈമാറുന്നതിനിടെ പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തഹസില്‍ദാറെ കയ്യോടെ പിടികൂടുകയായിരുന്നു.
50,000 രൂപയുമായി ഓഫീസിലെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടയില്‍ വിവരങ്ങളെല്ലാം ഐസക്ക് വിജിലന്‍സിനെ അറിയിച്ചു. വൈകീട്ട് വിജിലന്‍സ് നല്‍കിയ പണം കൈമാറുന്നതിനിടെയാണ് തഹസില്‍ദാറെ വിജിലന്‍സ് പിടികൂടിയത്. കസ്റ്റഡിയിലുള്ള സുധാകരനെ കുറിച്ച് നേരത്തെയും സമാന പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രതിയെ നാളെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
കഞ്ചിക്കോട്ടെ ഷോപ്പിംഗ് മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ ഐസക്കിനെ പല കാരണങ്ങള്‍ പറഞ്ഞ് തഹസില്‍ദാര്‍ വി സുധാകരന്‍ ഒന്നര വര്‍ഷം ചുറ്റിച്ചു. ഇതിനിടെ വില കൂടിയ മദ്യവും പെര്‍ഫ്യൂമുകളും കൈക്കൂലിയായി പല തവണ സുധാകരന്‍ കൈപ്പറ്റി. ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. അത്രയും വലിയ തുക ഉടന്‍ നല്‍കാന്‍ കഴിയില്ലെന്നറിയിച്ചതോടെ മാളിന് കൈവശാവകാശ രേഖ നല്‍കുന്നതിന് അന്‍പതിനായിരം രൂപ നല്‍കണമെന്ന് തഹസില്‍ദാര്‍ ആവശ്യപ്പെട്ടു.