ഡൽഹി: രാജ്യത്ത് നടക്കുന്ന ഫൈവ് ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ ദിനം 1.45 ലക്ഷം കോടി കടന്നതായി കേന്ദ്രസർക്കാർ. നാലു റൗണ്ട് പൂർത്തിയായപ്പോഴാണ് ലേല തുക 1.45 ലക്ഷം കോടി കടന്നത്. അഞ്ചാമത്തെ റൗണ്ട് നാളെ നടക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി എന്റർപ്രൈസസ് എന്നി കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് ഒന്നോടെ സ്‌പെക്ട്രം ലേലം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഈ വർഷം അവസാനത്തോടെ ഫൈവ് ജി സേവനം രാജ്യത്ത് നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു. 700 മെഗാ ഹെർട്‌സിലും ലേലം നടന്നതായും മന്ത്രി പറഞ്ഞു.
4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 5ജി സ്പെക്ട്രം പരിധിയാണ് ലേലത്തിനുള്ളത്. രാവിലെ 10 മണിക്കാണ് ലേലം ആരംഭിച്ചത്. ആരംഭിച്ച ലേലം ആറ് മണി വരെ തുടരും.റേഡിയോ തരംഗങ്ങളുടെ ആവശ്യകത അനുസരിച്ചാവും ലേലം എത്ര ദിവസം നീണ്ട് നിൽക്കുമെന്ന് പറയാനാവുക.
600 മെഗാഹെർട്‌സ്, 700 മെഗാഹെർട്‌സ്, 800 മെഗാഹെർട്‌സ്, 900 മെഗാഹെർട്‌സ്, 1800 മെഗാഹെർട്‌സ്, 2100 മെഗാഹെർട്‌സ്, 2300 മെഗാഹെർട്‌സ് തുടങ്ങിയ ലോ ഫ്രീക്വൻസികൾക്കും, 3300 മെഗാഹെർട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വൻസിക്കും 26 ഗിഗാഹെർട്‌സ്) ഹൈ റേഞ്ച് ഫ്രീക്വൻസി ബാൻഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുന്നത്.