ലണ്ടൻ : ബ്രിട്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചാൾസ് രാജാവ്, പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ലിത്വാനിയയിൽ ഇന്നാരംഭിക്കുന്ന ത്രിദിന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണു ബൈഡൻ ബ്രിട്ടനിലെത്തിയത്. കാലാവസ്ഥാമാറ്റം തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണു ചാൾസ് രാജാവുമായി ചർച്ച ചെയ്തത്.
ബൈഡൻ–സുനക് കൂടിക്കാഴ്ച കഴിഞ്ഞ ഏതാനും മാസത്തിനിടെ ഇത് അഞ്ചാം തവണയാണെങ്കിലും ആദ്യമായാണു പ്രധാനമന്ത്രിയുടെ ഡൗണിങ് സ്ട്രീറ്റ് ഓഫിസിലെത്തുന്നത്. അടുത്ത സഖ്യകക്ഷികളെന്ന നിലയിലുള്ള ചർച്ചകളുടെ തുടർച്ച മാത്രമാണുണ്ടായതെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. യുക്രെയ്നിന്റെ നാറ്റോ അംഗത്വവുമായി ബന്ധപ്പെട്ട നടപടികളാണ് ഉച്ചകോടിയിലെ മുഖ്യ അജൻഡ.