സൈന്യത്തെ പിന്‍വലിച്ചതില്‍ ഖേദമില്ല; താലിബാനെ അഫ്ഗാന്‍ തന്നെ നേരിടണമെന്ന് ബൈഡന്‍

വാഷിങ്ടണ്‍: താലിബാനെതിരെ അഫ്ഗാനിലെ നേതാക്കള്‍ ഒരുമിച്ച് പോരാടണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ”അഫ്ഗാന്‍ നേതാക്കള്‍ ഒരുമിച്ച് നില്‍ക്കണം. താലിബാനേക്കാള്‍ സൈനിക ബലം അഫ്ഗാന്‍ സൈന്യത്തിനുണ്ട്. അവര്‍ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യണം”-ബൈഡന്‍ വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”അഫ്ഗാനില്‍ നിന്ന് സൈനികരെ പിന്‍വലിച്ചതില്‍ ഖേദമില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു ട്രില്ല്യണ്‍ ഡോളര്‍ അഫ്ഗാനില്‍ ചെലവാക്കി. ആയിരക്കണക്കിന് സൈനികരെ നഷ്ടപ്പെട്ടു. ഇനി അഫ്ഗാന് ആവശ്യമായ പിന്തുണ നല്‍കും”-അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്വാധീനം പിടിമുറുക്കുകയാണ്. രാജ്യത്തിന്റെ 65 ശതമാനം പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ബഗ്ലാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ പുല്‍ ഇ ഖുംരി താലിബാന്‍ പിടിച്ചെടുത്തു. ഏഴാമത്തെ പ്രവിശ്യ തലസ്ഥാനമാണ് താലിബാന്‍ പിടിച്ചെടുക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ ജനാധിപത്യം സംരക്ഷിക്കുന്നതാനായി പ്രാദേശിക മിലിറ്റന്റ് ഗ്രൂപ്പുകളുടെ സഹായം പ്രസിഡന്റ് അശ്റഫ് ഗനി തേടിയിരുന്നു. താലിബാനെ തടയണമെന്ന് അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു. ഐബാക് മേഖലയില്‍ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ലക്ഷ്യം വെച്ചാണ് താലിബാന്‍ നീങ്ങുന്നത്. പല പ്രവിശ്യകളില്‍ നിന്നും ആളുകള്‍ തലസ്ഥാനമായ കാബൂളിലേക്ക് കുടിയേറി തുടങ്ങി. ഏകദേശം 60000ത്തോളം കുടുംബങ്ങളാണ് പല പ്രവിശ്യകളില്‍ നിന്നുമായി താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ടത്.

അഫ്ഗാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് താലിബാന്‍ പിടിമുറുക്കിയത്. ഈ മാസത്തോടെ അമേരിക്കയുടെ പിന്മാറ്റം പൂര്‍ണമാകും.

 

Top