വാഷിങ്ടന്‍ : അമേരിക്കയില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജോ ബൈഡന്‍ ഭരണകൂടം. ബ്രിട്ടന്‍, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ളവര്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നാണു സൂചന.
കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. മാസ്‌ക് ധരിക്കുന്നതു കര്‍ശനമായും പാലിക്കണമെന്ന് ജോ ബൈഡന്‍ കഴിഞ്ഞയാഴ്ച തന്നെ നിര്‍ദേശിച്ചിരുന്നു.
മറ്റു രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്ത മാസത്തോടെ കോവിഡ് മരണ നിരക്ക് അഞ്ചു ലക്ഷത്തോളമാകുമെന്നും ശക്തമായ നിയന്ത്രണ സംവിധാനങ്ങള്‍ വേണ്ടിവരുമെന്നും ബൈഡന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അടിയന്തരഘട്ടമാണെന്നും അതനുസരിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം അറിയിച്ചു.