ഗാസയിലെ ഇടപെടലില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി രൂക്ഷ പ്രതികരണം നടത്തേണ്ടി വന്നെന്ന് വ്യക്തമാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ ക്ലിപ്പ് പുറത്ത്. കൊളറാഡോ ഡെമോക്രാറ്റിക് സെനറ്റര്‍ മൈക്കല്‍ ബെന്നറ്റ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗ് എന്നിവരുമായി നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം അനുവദിക്കുന്നതിന് ഇസ്രായേലിനെ പ്രേരിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബെന്നറ്റ് ബൈഡനോട് പറയുന്നുണ്ട്. ഇതിന് മറുപടിയായി ‘ഞാന്‍ അവനോട് പറഞ്ഞു, ബീബി, ഇത് ആവര്‍ത്തിക്കരുത്, പക്ഷേ നീയും ഞാനും ‘കം ടു ജീസസ്’ മീറ്റിങ്ങിലേക്ക് പോകുന്നു,’ എന്നായിരുന്നു ബൈഡന്റെ മറുപടി.
സ്വകാര്യ സംഭാഷണത്തിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ജോ ബൈഡന്‍ രൂക്ഷമായി സംസാരിച്ചതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേലിനെ വെടിനിര്‍ത്തലിന് സമ്മതിക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ നെതന്യാഹു തനിക്ക് സൈ്വര്യം നല്‍കുന്നില്ലെന്നും ബൈഡന്‍ സംഭാഷണ മധ്യേ ചൂണ്ടിക്കാട്ടിയിരുന്നു.ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ബൈഡന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.. നെതന്യാഹുവിന്റെ ഗാസ ആക്രമണം മതിയെന്നും ഈ ക്രൂരത നിര്‍ത്തേണ്ടതുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് സംസാരം മധ്യേ വ്യക്തമാക്കുകയും ചെയ്തിരുന്നു.ഫെബ്രുവരി 11 നായിരുന്നു ജോ ബൈഡനും നെതന്യാഹുവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഏകദേശം മുക്കാല്‍ മണിക്കൂറുകളോളം നീണ്ടുനിന്നിരുന്നു. റാഫയില്‍ അഭയം പ്രാപിക്കുന്ന ഏകദേശം ഒരു ദശലക്ഷം ആളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശ്വസനീയമായ പദ്ധതികളാണ് ആവശ്യമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. അത്തരം പദ്ധതികള്‍ നടപ്പില്‍ വരുത്താതെ സൈനിക നടപടികള്‍ ആരംഭിക്കരുതെന്നും നെതന്യാഹുവിനോട് ബൈഡന്‍ പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ബൈഡന്‍ ഇതുപറഞ്ഞതിന് പിന്നാലെ റൂമില്‍ മൈക്രോഫോണുകള്‍ ഘടപ്പിച്ചിട്ടുണ്ടെന്ന് കൂടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. നിലവില്‍ ട്രക്കുകള്‍ വഴി ഗാസയിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇതിനെ തുടര്‍ന്ന് എയര്‍ഡ്രോപ്പ് വഴിയാണ് അമേരിക്ക ഗാസയില്‍ സഹായങ്ങള്‍ എത്തിക്കുന്നത്.അമേരിക്കന്‍ പ്രയോഗപ്രകാരം ‘കം ടു ജീസസ്’ എന്ന വാക്ക് രൂക്ഷപ്രതികരണത്തെ സൂചിപ്പിക്കുന്നതാണ്. തിരിച്ചറിവിലേക്ക് വരുന്നതിനായുള്ള സംഭാഷണം എന്നൊക്കെയാണ് ‘കം ടു ജീസസ്’ എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. നെതന്യാഹുവിന്റെ വിളിപ്പേരാണ് ബീബി.ഗാസയിലേക്ക് സഹായം എത്തിക്കുന്നതിന് അമേരിക്ക ഒരു താല്‍ക്കാലിക തുറമുഖം നിര്‍മ്മിക്കുമെന്ന് വ്യാഴാഴ്ച സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും ജോ ബൈഡന്‍ നെതന്യാഹുവിന്റെ പ്രവര്‍ത്തനങ്ങളില്‍ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു.