വാടക നൽകാനാവാതെ ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ സ്റ്റോറുകൾ; റിലയൻസ് നോട്ടീസ് അയച്ചു

വാടക നൽകുന്നതിൽ വീഴ്ച വരുത്തിയതിനെതിരെ കഴിഞ്ഞ മാസം നിയന്ത്രണം ഏറ്റെടുത്ത 950 ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ സ്റ്റോറുകളുടെ പാട്ടക്കരാർ റദ്ദാക്കാൻ റിലയൻസ് നോട്ടിസ് നൽകി. ബിഗ് ബസാർ, ഫാഷൻ അറ്റ് ബിഗ്ബസാർ (എഫ്ബിബി) തുടങ്ങിയ 342 വലിയ സ്റ്റോറുകളും ഈസി ഡേ, ഹെറിറ്റേജ് തുടങ്ങിയ 493 ചെറിയ സ്റ്റോറുകളും 34 സെൻട്രൽ സ്റ്റോറുകളും 78 ബ്രാൻഡ് ഫാക്ടറി സ്റ്റോറുകളുമാണ് പ്രതിസന്ധിയിലായത്.

റിലയൻസ്‍ റീട്ടെയിലിന് സ്ഥലവാടകയും സാധനങ്ങൾ നൽകിയ ഇനത്തിലെ തുകയുമാണ് കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് നൽകാനുള്ളത്. കഴി‍ഞ്ഞ മാസം റിലയൻസ് ഇവ ഏറ്റെടുത്തെങ്കിലും നടത്തിപ്പിനായി ഫ്യൂച്ചർ ഗ്രൂപ്പിനുതന്നെ ഉപപാട്ടത്തിന് നൽകുകയായിരുന്നു. ആ കരാറും റദ്ദാക്കുന്നതായാണ് റിലയൻസ് നോട്ടിസ് നൽകിയിരിക്കുന്നത്. ഫ്യൂച്ചർ സ്റ്റോറുകൾക്ക് സ്റ്റോക്ക് സംഭരിക്കാൻ പണമില്ലാതെ വന്നതോടെ റിലയൻസ് ജിയോമാർട്ട് വഴി സാധനങ്ങൾ ലഭ്യമാക്കിയിരുന്നു.

സ്റ്റോക്ക് പരിശോധനയ്ക്കും ജീവനക്കാരെ റിലയൻസിന്റേതാക്കുന്നതിനുമായി സംബന്ധിച്ച നടപടികൾക്കുമായി കേരളത്തിലടക്കമുള്ള ഈ സ്റ്റോറുകൾ ഒന്നര ആഴ്ചയായി അടഞ്ഞുകിടക്കുകയാണ്. റിലയൻസ് സ്റ്റോറുകളായി ഇവ പുനരാരംഭിക്കുമെന്ന സൂചനകൾക്കിടെ പാട്ടക്കരാർ റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ വിറ്റുവരവിൽ 55–65% ഈ സ്റ്റോറുകളിൽ നിന്നായിരുന്നു.

ആകെ 1700 സ്റ്റോറുകളാണ് ഫ്യൂച്ചറിനുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ– ചരക്കുനീക്ക ബിസിനസുകൾ 24713 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ 2020ൽ റിലയൻസ് കരാറിലെത്തിയിരുന്നു. നേരത്തേതന്നെ ഫ്യൂച്ചറുമായി ബിസിനസ് ഇടപാടുള്ള ആമസോൺ ഇതിനെതിരെ നിയമയുദ്ധം തുടങ്ങിയതിനാൽ കരാർ അനിശ്ചിതത്വത്തിലായി. ആമസോൺ–ഫ്യൂച്ചർ കേസ് ഇന്ത്യയിലും വിദേശത്തും വിവിധ കോടതികളിലായി തുടരുകയാണ്. സ്റ്റോറുകൾ റിലയൻസ് ഏറ്റെടുത്തതിനോട് ആമസോൺ പ്രതികരിച്ചിട്ടില്ല.

Top