കുഞ്ചത്തൂര്‍: പഴം നിറച്ച വണ്ടിയെന്ന വ്യാജേന കര്‍ണാടകയില്‍ നിന്ന് വന്ന പിക്കപ്പ് വാനില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത് 108 കിലോ കഞ്ചാവ്. 54 പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചെക്ക് പോസ്റ്റില്‍ നിന്ന് അതിവേഗം പാഞ്ഞ വണ്ടിയെ ഏറെ ദൂരം പിന്തുടര്‍ന്നാണ് പൊലീസ് പിടിച്ചത്. വൈകിട്ടോടെയാണ് വാഴപ്പഴം നിറച്ച ഒരു പിക്കപ്പ് വാന്‍ കാസര്‍കോട്ടെ കേരള – കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയത്.
ആദ്യം ഇത് പരിശോധിക്കാനായി വണ്ടി നിര്‍ത്താന്‍ ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. മറ്റ് വണ്ടികള്‍ പരിശോധിക്കുന്നതിനിടെ, നിര്‍ത്തിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അതിവേഗം ഓടിച്ച് പോകുകയായിരുന്നു. ഇതോടെ പൊലീസ് സംഘവും ഈ വാഹനത്തിന് പിന്നാലെ വച്ച് പിടിച്ചു.
അതിവേഗം പോയ പിക്കപ്പ് വാനിനെ ഏതാണ്ട് ഒമ്പത് കിലോമീറ്ററോളം പിന്തുടരേണ്ടി വന്നു പൊലീസ് സംഘത്തിന്. പല ഊടുവഴികളിലൂടെയും വണ്ടിയോടിച്ച് ഒടുവില്‍ കുഞ്ചത്തൂരിനടുത്ത് വണ്ടി നിര്‍ത്തി പിക്കപ്പ് വാനിലെ ഡ്രൈവറടക്കമുള്ളവര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു.
പിന്നാലെ എത്തിയ പൊലീസ് സംഘത്തിന് കാണാനായത് വണ്ടിയില്‍ അടുക്കി നിറച്ച് വച്ച കഞ്ചാവ് പാക്കറ്റുകളാണ്. വാഴപ്പഴത്തിന്റെ താഴെയായി കഞ്ചാവിന്റെ പാക്കറ്റുകള്‍ അടുക്കി വച്ചിരിക്കുകയായിരുന്നു.