പീഡനപരാതി; ‘ബിഗ് ബ്രദര്‍’ ഷോയില്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തി വമ്പന്‍ കമ്പനികള്‍

മഡ്രിഡ്: പീഡനപരാതിയെ തുടര്‍ന്ന് ‘ബിഗ് ബ്രദര്‍’ ഷോയില്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തി വമ്പന്‍ കമ്പനികള്‍. ‘ബിഗ് ബ്രദര്‍’ ഷോയുടെ സ്പാനിഷ് പതിപ്പിന് പരസ്യങ്ങള്‍ നല്‍കുന്നതാണ് വമ്പന്‍ കമ്പനികള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

ബിഗ് ബ്രദറിലെ മത്സരാര്‍ത്ഥിയായ കാര്‍ലോറ്റ പ്രാഡോയാണ് സഹമത്സരാര്‍ത്ഥിയായ ജോസ് മരിയ ലോപ്പസ് പെരസ് പീഡിപ്പിച്ചതായി പരാതി നല്‍കിയത്. 2017 ല്‍ ‘ബിഗ് ബ്രദര്‍’ ഹൗസില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ മദ്യപിച്ച് അബോധാവസ്ഥയിലായ പ്രാഡോയെ ലോപ്പസ് പെരസ് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് ലോപ്പസ് പെരസിനെ ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു.ഷോയുടെ നിര്‍മ്മാതാക്കള്‍ പീഡന ദൃശ്യങ്ങള്‍ പ്രാഡോയെ കാണിച്ചപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടതായി അറിയുന്നതെന്ന് കാര്‍ലോറ്റ പ്രാഡോ പറയുന്നത്.

പീഡനവിവരം പുറത്തയാതോടെ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് നെസ്ലെ, നിസ്സാന്‍, ബിബിവിഎ എന്നീ കമ്പനികള്‍ തങ്ങളുടെ പരസ്യങ്ങള്‍ ബിഗ് ബ്രദര്‍ ഷോയില്‍ നല്‍കുന്നതില്‍ നിന്നും പിന്‍മാറിയത്.ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.സ്‌പെയിനിലെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ടെലികിനോ എന്ന ചാനലിലാണ് ‘ബിഗ് ബ്രദര്‍’ സംപ്രേക്ഷണം ചെയ്തിരുന്നത്.

Top