Big conflict in State Congress

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ്സും പാര്‍ലമെന്ററി പാര്‍ട്ടിയും രണ്ട് വഴിക്ക്.

നോട്ട് വിവാദത്തില്‍ തുടങ്ങി ഇപ്പോള്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെയ്പില്‍ വരെ വ്യത്യസ്ത അഭിപ്രായമാണ് കെപിസിസി അദ്ധ്യക്ഷന്‍ സുധീരനുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമുളളത്.

ഇടതുപക്ഷവുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരെ പ്രതിഷേധിക്കണമെന്നതായിരുന്നു ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും നിലപാട്.

നിയമസഭയ്ക്കകത്ത് ഒരുമയാവാമെങ്കിലും പുറത്ത് അത് വേണ്ടെന്ന നിലപാടിലാണ് സുധീരന്‍. ഇതേ അഭിപ്രായം പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്കിടയിലും ശക്തമായതോടെ തിരിച്ചടി നേരിട്ടത് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമാണ്. എ-ഐ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ പോലും ഇടതുപക്ഷവുമായി ചേര്‍ന്ന് സമരം നടത്തുന്നതിനോട് യോജിപ്പില്ലാത്തവരാണ് ഏറെയും.

വിജിലന്‍സ് അടക്കം സര്‍ക്കാര്‍ ഏജന്‍സികളുടെ ‘വാള്‍’ തലക്ക് മുകളില്‍ നില്‍ക്കുന്നതിനാലാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തന്ത്രപരമായ നിലപാട് സ്വീകരിച്ചതെന്ന അഭിപ്രായവും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയിലുണ്ട്. പ്രമുഖ ഗ്രൂപ്പ് മേലാളന്മാര്‍ ഇപ്പോള്‍ തന്നെ വിജിലന്‍സ് കുരുക്കിലാണ്.

നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ ദൗത്യസേനയുടെ വെടിയേററ് മരിച്ച സംഭവത്തില്‍ പൊലീസ് നടപടി ശരിയാണെന്ന പ്രഖ്യാപനവുമായി ആദ്യം രംഗത്ത് വന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഇടത് ഘടകകക്ഷിയായ സി.പി.ഐ പോലും പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കെയാണ് ഭരണപക്ഷത്തെ പോലും ഞെട്ടിച്ച പ്രസ്താവന ചെന്നിത്തലയില്‍ നിന്നുണ്ടായത്.

ഇതിനുശേഷം വെടിവെയ്പ്പില്‍ ദുരൂഹതയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വി.എം. സുധീരന്‍ രംഗത്ത് വന്നതോടെ കോണ്‍ഗ്രസ്സിലെ ഭിന്നത പ്രകടമായി. ഇത് നേതാക്കള്‍ക്കിടയിലും ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. സുധീരന്റെ നിലപാടിനെ പിന്‍തുണച്ച് പരസ്യമായി രംഗത്ത് വന്ന വി.ടി. ബല്‍റാം എം.എല്‍.എ, ഉത്തര കൊറിയന്‍ഏകാധിപതി കിം ജോങ് ഉന്നുമായി താരതമ്യം ചെയ്ത് മുഖ്യമന്ത്രിക്കെതിരെയിട്ട ഫേസ് ബുക്ക് പോസ്റ്റും ഇതിനിടെ വിവാദമായിരുന്നു.

ബല്‍റാമിനെതിരെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ ശക്തമായി രംഗത്ത് വരികയുമുണ്ടായി. ഇതിന് ശേഷം ആശയക്കുഴപ്പങ്ങള്‍ വര്‍ദ്ധിപ്പിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയ്ക്ക് പിന്നാലെ പൊലീസ് നടപടിയെ പിന്‍തുണച്ച് രംഗത്ത് വന്നിരുന്നു. പൊലീസിന്റെ ആത്മവീര്യം കെടുത്തുന്ന ഒരു നടപടിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കമന്റ്. ഇത് സര്‍ക്കാറിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രസ്താവനയുടെ ചുവട് പിടിച്ച് ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ പൊലീസിന്റെ മനോവീര്യം കെടുത്തുന്നതൊന്നും സര്‍ക്കാര്‍ ചെയ്യില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.കഴമ്പില്ലാത്ത വിമര്‍ശനങ്ങളെ കാര്യമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.

ഇടത് സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ ശക്തമായ ‘ആയുധം’ ലഭിച്ചിട്ടും അത് ഉപയോഗിക്കാതെ സര്‍ക്കാരിനെ പിന്‍തുണച്ച് രംഗത്ത് വന്ന ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും നടപടിയില്‍ ശക്തമായ പ്രതിഷേധത്തിലാണ് സുധീരന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ ഇത്തരം സങ്കീര്‍ണ്ണമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അദ്ദേഹം.

പാര്‍ട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റില്‍ നിന്ന് ഗ്രൂപ്പ് നേതാക്കള്‍ വെട്ടി നിരത്തപ്പെടുമെന്ന ആശങ്ക നിലനില്‍ക്കെ ഇപ്പോള്‍ സര്‍ക്കാര്‍ അനുകൂല നിലപാടുമായി ഗ്രൂപ്പ് നേതാക്കള്‍ മാറിയതും സുധീരന്‍ ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

Top