പാകിസ്ഥാനില്‍ വന്‍ ഭൂചലനം; 20 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമബാദ്: തെക്കന്‍ പാകിസ്ഥാനില്‍ വന്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയുണ്ടായ ഭൂചലനത്തില്‍ 20 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. വീടുകളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടങ്ങളിലും വൈദ്യുതിബന്ധവും തടസപ്പെട്ടു. മരിച്ചവരില്‍ ഒരു സ്ത്രീയും ആറുകുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കാമെന്നാണ് സൂചന. ബലൂചിസ്ഥാനിലെ ഹര്‍നൈയിലാണ് കൂടുതല്‍ അപകടങ്ങളുണ്ടായത്. ഗതാഗത തടസവും മൊബൈല്‍ റേഞ്ച് നഷ്ടപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു.

 

Top