ചൂണ്ടയില്‍ കുടുങ്ങിയത് 18.5 കിലോയുള്ള അത്ഭുത മത്സ്യം; വില കേട്ടാല്‍ ഞെട്ടും

കൊല്‍ക്കത്ത: ഗംഗാ നദിയില്‍ ചൂണ്ടയിട്ട തരുണ്‍ ബേരയ്ക്ക് കിട്ടിയത് 18.5 കിലോ ഭാരമുള്ള ഭെട്കി മത്സ്യം. തൂക്കം മാത്രമല്ല, അതിന്റെ വിലയും ഞെട്ടിക്കുന്നതാണ്. ഈ മീന് അദ്ദേഹം വില്പന നടത്തിയത് 12,000 രൂപയ്ക്കാണ്.

പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലെ ഉലുബരിയ സ്വദേശിയാണ് തരുണ്‍ ബേര. പതിവുപോലെ സുഹൃത്തുക്കള്‍ക്കൊപ്പം ഗംഗാ നദിയില്‍ ചൂണ്ടയിടാന് പോയതായിരുന്നു അദ്ദേഹം. നദിയിലേയ്ക്ക് ചൂണ്ടയെറിഞ്ഞ് അധികം വൈകുംമുമ്പ് തന്നെ എന്തോ കൊളുത്തിയതായി തോന്നുകയായിരുന്നു.

വലിക്കും തോറും ചൂണ്ടയുടെ കനം കൂടിവരുന്നതായി തരുണിന് അനുഭവപ്പെട്ടു. കുരുങ്ങിയത് നിസ്സാരക്കാരനല്ലെന്ന് മനസ്സിലായതോടെ അല്പം കഷ്ടപ്പെട്ടു തന്നെ മത്സ്യത്തെ വലിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. സാധാരണ ലഭിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ള മത്സ്യത്തെയാണ് അദ്ദേഹത്തിന് ലഭിച്ചത്.

തുടര്‍ന്ന് തരുണും സുഹൃത്തുക്കളും ചേര്‍ന്ന് മത്സ്യത്തെ ഫുലേശ്വര്‍ മാര്‍ക്കറ്റില്‍ എത്തിക്കുകയും 12,000 രൂപയ്ക്ക് ലേലത്തില്‍ വില്‍ക്കുകയും ചെയ്തു. ഒരു ചെറുകിട വ്യാപാരിയാണ് ഈ വിലയ്ക്ക് മത്സ്യത്തെ വാങ്ങിയത്.

Top