അഴിമതിയുടെ കൂടാരമായി മാറിയിരിക്കുന്ന സപ്ലൈകോയില്‍ വകുപ്പ്മന്ത്രിയുടെ ഓഫീസിന്റെ അറിവോടെ വീണ്ടുമൊരു വമ്പന്‍ അഴിമതിക്ക് കളമൊരുങ്ങിയതായി പരാതി. മാധ്യമ പ്രവര്‍ത്തകനായ യദുവാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഗുരുതരസ്വഭാവമുള്ള കാര്യങ്ങളാണ് പരാതിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉന്നയിച്ചിരിക്കുന്നത്.
നെല്ല് സംഭരണത്തില്‍ അഴിമതി ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിലുള്ള കൃഷിവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ജോണി ജോസിനെയും ഇതോടൊപ്പം തന്നെ കാലടി പവിഴം റൈസ് മില്ലിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജിബിലിനെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള തീരുമാനം പരിശോധിക്കണമെന്നതാണ് ആവശ്യം. ജോണി ജോസിന്റെ നിയമനത്തിനായി സപ്ലൈകോ എം.ഡി എന്‍.ഒ.സി നല്‍കിയത് തന്നെ അസാധാരണമാണ്. രണ്ട് നിയമനത്തിന് പിന്നിലും പവിഴം റൈസ്മില്‍ ഉടമയാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ താല്‍പര്യപ്രകാരമാണ് ഈ രണ്ട് നിയമനങ്ങളും നടക്കുന്നതെന്ന കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ നിയമനങ്ങള്‍ക്കു വേണ്ടി വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി സംശയിക്കാനുള്ള കാരണവും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018ലെ പ്രളയത്തില്‍ നശിച്ചു പോയ നെല്ലിന്റെയും അരിയുടെ 50 ശതമാനവും പവിഴം റൈസ് മില്ലില്‍ നിന്നുള്ളതാണ്. ഈ നശിച്ചു പോയ നെല്ലും അരിയും നീക്കം ചെയ്തതില്‍ കോടികളുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നിരുന്നത്. ഇതു സംബന്ധമായ വിജിലന്‍സ് അന്വേഷണം മുറുകുന്ന സാഹചര്യത്തില്‍ കൂടിയാണ് വേണ്ടപ്പെട്ടവരെ മില്ലുടമ തന്നെ സപ്ലൈകോയിലേക്ക് കൊണ്ടുവരുന്നതെന്നാണ് ആക്ഷേപം.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേക്ക് കൃഷിവകുപ്പില്‍ നിന്നും ഉദ്യോസ്ഥര്‍ സാധാരണ ഡെപ്യൂട്ടേഷനില്‍ പോകാറുണ്ട്. ഇപ്പോള്‍ നെല്ലുസംഭരണ ചുമതലയിലേക്ക് വരാന്‍ വീണ്ടും ശ്രമിക്കുന്ന കൃഷി വകുപ്പിലെ ജോണി ജോസ് 2013 മുതല്‍ 2016 വരെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നെല്ല് സംഭരണത്തിന്റെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് കാലടി പെരുമ്പാവൂര്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പവിഴം അരിമില്‍ ഉടമയെ ഇയാള്‍ വഴിവിട്ട് സഹായിച്ചതായും പരാതിയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തന്നെ ഇതു സംബന്ധമായ പരാതികളും ഉയര്‍ന്നപ്പോള്‍ ഇയാളുടെ ഡെപ്യൂട്ടേഷന്‍ നീട്ടി കൊടുക്കാതെ മന്ത്രി തന്നെ ഇടപെട്ട് തിരിച്ചയക്കുകയാണുണ്ടായത്.
കൃഷി വകുപ്പില്‍ അസി. ഡയറക്ടര്‍ തസ്തികയിലാണ് ജോണി ജോസ് നിലവില്‍ ജോലി ചെയ്യുന്നത്. സാധാരണ ഗതിയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേക്ക് വരേണ്ടത് കൃഷി ഓഫീസര്‍മാരാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ ആരും തന്നെ ഇങ്ങനെ വരാറില്ല. എന്നാല്‍ താരതമ്യേന താഴ്ന്ന ഈ പോസ്റ്റിലേക്കാണ് ഇപ്പോള്‍ ഉയര്‍ന്ന പോസ്റ്റിലിരിക്കുന്ന പഴയ കൃഷി ഓഫീസറെ നിയമിക്കാന്‍ സപ്ലൈകോ എം.ഡി എന്‍.ഒ.സി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യമായാല്‍ കേസെടുത്ത് അന്വേഷിക്കുമെന്നാണ് വിജിലന്‍സ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.