രോഹിത്തിന് അഞ്ചാം ടി20 സെഞ്ചുറി; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോർ

ബെംഗളൂരു : ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ 213 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ചുറി നേടിയ റിങ്കു സിങ്ങിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

അന്താരാഷ്ട്ര ടി20-യില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ രോഹിത് 69 പന്തില്‍ നിന്ന് എട്ടു സിക്‌സും 11 ഫോറുമടക്കം 121 റണ്‍സോടെ പുറത്താകാതെ നിന്നു. ടി20-യില്‍ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. 36 പന്തുകള്‍ നേരിട്ട റിങ്കു ആറ് സിക്‌സും രണ്ട് ഫോറുമടക്കം 69 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ 190 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. കരിം ജനത് എറിഞ്ഞ അവസാന ഓവറില്‍ 36 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഇരുവരുടെയും ബാറ്റിങ് വെടിക്കെട്ടില്‍ അവസാന അഞ്ച് ഓവറില്‍ 103 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലെത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍ (4) മൂന്നാം ഓവറില്‍ തന്നെ പുറത്ത്. പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ വിരാട് കോലിയും (0) വീണു. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ശിവം ദുബെയും (1) വീണതോടെ ഇന്ത്യ പതറി. പിന്നാലെ നാളുകള്‍ക്ക് ശേഷം ലഭിച്ച അവസരം ഗോള്‍ഡന്‍ ഡക്കോടെ സഞ്ജു സാംസണും (0) കളഞ്ഞുകുളിച്ചതോടെ ഇന്ത്യ 4.3 ഓവറില്‍ നാലിന് 22 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – റിങ്കു സിങ് സഖ്യം ഇന്ത്യയെ കാത്തു. പതിയെ തുടങ്ങി നിലയുറപ്പിച്ച ശേഷം ഇരുവരും തകര്‍ത്തടിച്ചതോടെ മത്സരം ഇന്ത്യയുടെ കൈയിലേക്ക് തിരിച്ചെത്തി. അഫ്ഗാനായി ഫരീദ് അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. സഞ്ജു ടീമിലുണ്ടെന്ന് രോഹിത് ടോസിനിടെ പറഞ്ഞതിനു പിന്നാലെ സ്റ്റേഡിയത്തില്‍ നിറഞ്ഞ കൈയടികളായിരുന്നു.

Top