ഐസിസി ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 50 ഓവറില്‍ 397 റണ്‍സ് നേടി. വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിലാണ് ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍. ഇന്ത്യയുെട ബാറ്റിങ് കരുത്തിനു മുന്നില്‍ കിവീസ് ബോളിങ് നിരയ്ക്ക് താളം തെറ്റി. ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോഹ്ലി ഇന്ന് ക്രീസ് വിട്ടത്.
സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മന്‍ ഗില്‍ കടുത്ത പേശീവലിവിനേത്തുടര്‍ന്ന് 23-ാം ഓവറില്‍ ക്രീസ് വിട്ടിരുന്നു. 65 പന്തില്‍ 79 റണ്‍സെടുത്തു നില്‍ക്കേ പേശീവലിവിനേത്തുടര്‍ന്ന് ഗില്ലിന് ക്രീസ് വിടേണ്ടിവന്നത്. എന്നാല്‍ അവസാന ഓവറുകളില്‍ തിരികെയെത്തിയ താരം ഒരു റണ്‍സ് കൂടി എടുത്ത് 80 റണ്‍സെടുത്തു.സൂര്യ കുമാര്‍(1) നിരാശനാക്കിയപ്പോള്‍ കെഎല്‍ രാഹുല്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിന് വേ?ഗം കൂട്ടി. 20 പന്തുകളില്‍ നിന്ന് അഞ്ചു ഫോറും രണ്ടും സിക്‌സറും അടക്കം 39 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ന്യൂസിലന്‍ഡിനായി ടിം സൗത്തി മൂന്നു വിക്കറ്റും ട്രെന്‍ഡ് ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.
113 പന്തില്‍ 117 റണ്‍സ് നേടിയ കോഹ്ലി ടിം സൗത്തിയുടെ പന്തില്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 2 സിക്‌സും 9 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 71 റണ്‍സാണ് അടിച്ചുകൂട്ടിയത്. 29 പന്തില്‍ നാല് വീതം സിക്‌സും ഫോറുമടിച്ച് രോഹിത് 47 റണ്‍സടിച്ച് പുറത്താവുകയായിരുന്നു.