സിഡ്‌നി: ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. സിഡ്‌നിയിൽ 65 റണ്‍സിന്റെ ജയാണ് ന്യൂസിലന്‍ഡ് നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്‌സിന്റെ സെഞ്ചുറി മികവില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 19.2 ഓവറില്‍ 101ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ലങ്കയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ കിവീസിന് അഞ്ച് പോയിന്റായി. രണ്ട് തോല്‍വിയും ഒരു ജയവുമുള്ള ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റാണുള്ളത്. തോല്‍വിയോടെ ലങ്കയുടെ സെമി പ്രതീക്ഷകളും തുലാസിലായി.
ഗ്ലെന്‍ ഫിലിപ്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. തുടക്കത്തില്‍ 15 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷമാണ് കിവികളുടെ തിരിച്ചുവരവ്. ഫിലിപ്സ് 64 പന്തില്‍ 104 റണ്‍സ് നേടി. 22 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. ലങ്കയ്ക്കായി രജിത രണ്ടും തീഷ്ണയും ഡിസില്‍വയും ഹസരങ്കയും കുമാരയും ഓരോ വിക്കറ്റ് നേടി.
ആദ്യ ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് പ്രഹരം നല്‍കിയാണ് ലങ്ക തുടങ്ങിയത്. ഇന്നിംഗ്സിലെ നാലാം പന്തില്‍ മഹീഷ് തീഷ്ണ, ഫിന്‍ അലനെ(3 പന്തില്‍ 1) ബൗള്‍ഡാക്കി. ഒരോവറിന്റെ ഇടവേളയില്‍ സഹഓപ്പണര്‍ ദേവോണ്‍ കോണ്‍വേയെയും(4 പന്തില്‍ 1) ലങ്ക വീഴ്ത്തി. ധനഞ്ജയ ഡിസില്‍വയ്ക്കായിരുന്നു വിക്കറ്റ്. അടുത്ത ഓവറില്‍ നായകന്‍ കെയ്ന്‍ വില്യംസണും(13 പന്തില്‍ 8) വീണു. കാസുന്‍ രജിതയാണ് ക്യാപ്റ്റനെ മടക്കിയത്. ഇതോടെ 3.6 ഓവറില്‍ മൂന്ന് വിക്കറ്റിന് 15 റണ്‍സ് എന്ന നിലയില്‍ കിവികള്‍ പരുങ്ങി.
പിന്നീടങ്ങോട്ട് ഗ്ലെന്‍ ഫിലിപ്സും ഡാരില്‍ മിച്ചലുമാണ് ന്യൂസിലന്‍ഡിനെ കരകയറ്റാന്‍ ശ്രമിച്ചത്. 10 ഓവറില്‍ ന്യൂസിലന്‍ഡ് സ്‌കോര്‍-54/3. വനിന്ദു ഹസരങ്ക, മിച്ചലിനെ(24 പന്തില്‍ 22) പുറത്താക്കുമ്പോള്‍ കിവീസ് 99ലെത്തി. ഫിലിപ്സ് സെഞ്ചുറി തികച്ചതോടെ ന്യൂസിലന്‍ഡ് സ്‌കോര്‍ 150 കടന്നു. ഇതിനിടെ ജയിംസ് നീഷാം 8 പന്തില്‍ 8 റണ്‍സെടുത്ത് പുറത്തായതൊന്നും ടീമിനെ ബാധിച്ചില്ല. ഫിലിപ്സ് 64 പന്തില്‍ 104 റണ്‍സുമായി 20-ാം ഓവറിലെ നാലാം പന്തില്‍ പുറത്തായി. അടുത്ത പന്തില്‍ ഇഷ് സോഥി(1 പന്തില്‍ 1) റണ്ണൗട്ടായി. ഇന്നിംഗ്സ് പൂര്‍ത്തിയാകുമ്പോള്‍ ടിം സൗത്തിയും(1 പന്തില്‍ 4*), മിച്ചല്‍ സാന്റ്നറും(5 പന്തില്‍ 11*) പുറത്താകാതെനിന്നു.
3.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ എട്ട് എന്ന പരിതാപകരമായ നിലയിലായിരുുന്നു ശ്രീലങ്ക. പതും നിസ്സങ്ക (0), കുശാല്‍ മെന്‍ഡിസ് (4), ധനഞ്ജയ ഡി സില്‍വ (0), ചരിത് അസലങ്ക (4), ചാമിക കരുണാര്‌നെ (3) എന്നിവരാണ് മടങ്ങിയിരുന്നത്. ഒന്നാം ഓവറില്‍ തന്നെ നിസ്സങ്കയെ വിക്കറ്റിന് മുന്നില്‍ കടുക്കി ടിം സൗത്തിയാണ് തകര്‍ച്ചയ്ക്ക് തുടമിട്ടത്. തൊട്ടടുത്ത ഓവറില്‍ ബോള്‍ട്ട് വിക്കറ്റുകളും നേടി. കുശാലിനെ വിക്കറ്റ് കീപ്പര്‍ ഡെവോണ്‍ കോണ്‍വെയുടെ കൈകളിലെത്തിച്ച ബോള്‍ട്ട് ധനഞ്ജയയെ ബൗള്‍ഡാക്കി. ഏഴാം ഓവറില്‍ ചാമിക കരുണാരത്‌നെയും (3) വീണതോടെ അഞ്ചിന് 24 എന്ന നിലയിലായി ലങ്ക.
ഭാനുക രജപക്‌സ (34), ക്യാപ്റ്റന്‍ ദസുന്‍ ഷനക (35) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. വാനിന്ദു ഹസരങ്ക (4), മഹീഷ് തീക്ഷണ (0), ലാഹിരു കുമാര (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കശുന്‍ രജിത (8) പുറത്താവാതെ നിന്നു. ബോള്‍ട്ടിന് പുറമെ ഇഷ് സോഥി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.