മനുഷ്യന്റെ ജീവന്‍ കൊണ്ട് ഏത് ബിഗ് ബോസ് കളിച്ചാലും അതിനെ അതിന്റേതായ രൂപത്തില്‍ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. ആദ്യം കേസെടുക്കേണ്ടത് രജിത്ത് കുമാറിനെതിരെയല്ല, ഏഷ്യനെറ്റിനെതിരായാണ്. അതിനാണ് സര്‍ക്കാര്‍ ഉടന്‍ തയ്യാറാവേണ്ടത്.
ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് ഇപ്പോള്‍ കളിച്ച ‘കളി’ വലിയ തീക്കളിയാണ്.
അവരുടെ ഈ റിയാലിറ്റി ഷോ ഇന്ന് സമൂഹത്തിനാകെ വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ബിഗ് ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാന്‍, ആയിരങ്ങള്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. ആളുകള്‍ എത്തിയതിലല്ല, അവരെത്തിയ സന്ദര്‍ഭമാണ് പ്രശ്‌നം.
കൊറോണ ഭീഷണിയെ നേരിടാന്‍ ആളുകള്‍ വീടുകളില്‍ കഴിയണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ആയിരങ്ങള്‍ സംഘടിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ കനത്ത നിയന്ത്രണങ്ങള്‍ അവഗണിച്ചാണ് ഇങ്ങനെ ഒരു സംഭവം അരങ്ങേറിയിരിക്കുന്നത്. അതീവ ജാഗ്രതയുടെ ഭാഗമായി മത,രാഷ്ട്രീയ,സാമുദായിക സംഘടനകള്‍ പോലും സംഘം ചേര്‍ന്നുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചാണ് ജനങ്ങളുടെ സുരക്ഷയ്ക്കായി നിലകൊള്ളുന്നത്. ചാനലുകളും അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്. മനുഷ്യ ജീവനേക്കാളും വലിയ വില, റിയാലിറ്റി ഷോകള്‍ക്ക് കൊടുക്കുന്നത് തന്നെ അമ്പരപ്പിക്കുന്ന സംഭവമാണ്. ജില്ലാ കളക്ടര്‍ പറഞ്ഞതുപോലെ ലോകത്തിന് മുന്നില്‍ കേരള സമൂഹത്തെ നാണിപ്പിക്കുന്ന ഏര്‍പ്പാടാണിത്.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് രജിത് കുമാറിനാണ്. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നതും ഈ പരിപാടിയുടെ സംഘാടകര്‍ക്ക് തന്നെയാണ്. റിയാലിറ്റി ഷോയിലെ പച്ചമുളക് വിവാദത്തില്‍, രജിത് കുമാറിനെതിരെ നടപടി എടുക്കാനുള്ള നീക്കത്തിനെതിരെ, രൂക്ഷമായ പ്രതികരണമാണ് ഉയര്‍ന്നിരുന്നത്. ഇതെല്ലാം അറിഞ്ഞിട്ടും രജിത് കുമാറിനെ പുറത്താക്കിയതും, അദ്ദേഹത്തിന്റെ യാത്രാ വിവരങ്ങള്‍ പുറത്ത് വിട്ടതും, ഗുരുതരമായ വീഴ്ച തന്നെയാണ്. അതുകൊണ്ടാണ് ഇത്രയധികം പേര്‍ വിമാനത്താവളത്തില്‍ ഒഴികിയെത്തിയിരുന്നത്.
കൊറോണ ബാധിച്ച രോഗിയുമായി പറന്ന വിമാനം തിരിച്ചിറക്കിപ്പിച്ച ദിവസം തന്നെയാണ് ആയിരങ്ങള്‍ വിമാനതാവളത്തില്‍ എത്തിയതെന്നതും നാം ഓര്‍ക്കണം.
ജില്ലാ ഭരണകൂടത്തെ ഏറെ ആശങ്കപ്പെടുത്തുന്നതും ഈ യാഥാര്‍ത്ഥ്യം തന്നെയാണ്.
രജിത് കുമാറിനെ കാണാന്‍ വന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് കൊറോണ വൈറസ് പിടിപെട്ടാല്‍ അതിന് വലിയ വില തന്നെ ബിഗ് ബോസിന്റെ സംഘാടകര്‍ ഇനി നല്‍കേണ്ടി വരും.
പരിപാടി സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റിനും മോഹന്‍ലാലിനും ഈ ഉത്തരവാദിത്വത്തില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറാന്‍ കഴിയുകയുമില്ല.
രജിത് കുമാറിനെ പുറത്താക്കിയത് തന്നെ, നാടകമായിരുന്നു എങ്കില്‍ ഇവരെയെല്ലാം തുറങ്കിലടക്കേണ്ട കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ പൊലീസും തയ്യാറാകണം.
ഇത് കേവലം ഒരു വ്യക്തിയുടെ പ്രശ്‌നമല്ല, ഈ നാടിനെ ഭയപ്പെടുത്തുന്ന പ്രശ്‌നമാണ്. ബിഗ് ബോസും, ഏഷ്യാനെറ്റും ജനങ്ങളുടെ ജീവന്‍ വച്ചല്ല റിയാലിറ്റി ഷോകള്‍ നടത്തേണ്ടത്.
പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ‘ബന്ധിയാക്കപ്പെടുന്ന’ മത്സരാര്‍ത്ഥികളെ തുറന്ന് വിടുമ്പോള്‍ നാട്ടിലെ സാഹചര്യം കൂടി സംഘാടകര്‍ മനസ്സിലാക്കണമായിരുന്നു.
വിവാഹങ്ങള്‍ക്ക് പോലും കടുത്ത നിയന്ത്രണമാണ് സംസ്ഥാനത്തുള്ളത്. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന ജാഗ്രതയും നിലവിലുണ്ട്. ഇനിയുള്ള രണ്ടാഴ്ച അതി നിര്‍ണ്ണായകം എന്നാണ് പ്രമുഖ ഡോക്ടര്‍മാര്‍ പോലും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആളുകളെ കൂടുതല്‍ ഭയപ്പെടുത്തേണ്ട എന്നു കരുതി മാത്രമാണ് സര്‍ക്കാര്‍ തന്ത്രപൂര്‍വ്വം വിഷയം കൈകാര്യം ചെയ്യുന്നത്.ഇപ്പോള്‍ നല്‍കുന്ന വിട്ടു വീഴ്ചകള്‍ പോലും യഥാര്‍ത്ഥത്തില്‍ വലിയ റിസ്‌ക്കു തന്നെയാണ്.
അധികൃതരുടെ ഈ പരിമിതിയാണ് രജിത് കുമാറിന്റെ ആരാധകരെ എയര്‍പോര്‍ട്ടിലെത്തിച്ചിരിക്കുന്നത്. വൈറസ് ബാധയെ കാക്കിക്കും പേടിയുള്ളതിനാല്‍ തടയുന്നതിനും പരിമിതികളുണ്ടായിരുന്നു.
ഒരു ‘കച്ചവട’ റിയാലിറ്റി ഷോയിലെ സംഭവങ്ങള്‍ക്ക് സ്വന്തം ജീവന്‍ മാത്രമല്ല, മറ്റുള്ളവരുടെ ജീവനുകൂടിയാണ് ഇവരെല്ലാം ചേര്‍ന്ന് ഭീഷണിയുണര്‍ത്തിയിരിക്കുന്നത്.
നിലവില്‍ 21 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 16 ഉച്ചവരെയുള്ള കണക്കാണിത്. നിരവധി പേരുടെ പരിശോധനാ ഫലങ്ങള്‍ ഇനിയും വരാനുമുണ്ട്. ഈ വൈറസ് ശരീരത്തില്‍ കടന്ന് 14 ദിവസത്തിനുള്ളിലാണ് ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുക. നാം ജാഗ്രത പാലിക്കേണ്ട പ്രധാന ഘട്ടം കൂടിയാണിത്.
യുവാക്കള്‍ മാത്രമല്ല, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വിമാന താവളത്തിലെത്തിയതും, ഇടപഴകിയതുമെല്ലാം വലിയ റിസ്‌ക്ക് തന്നെയാണ്.ഒന്നാം ഘട്ടം പോലെയല്ല, കൊറോണയുടെ മറ്റു ഘട്ടങ്ങള്‍. ആര്‍ക്കൊക്കെ വൈറസ് ബാധ ഏറ്റെന്ന് കണ്ടെത്തുക പോലും ഇത്തരം സാഹചര്യങ്ങളില്‍ പ്രയാസകരമാണ്. ഈ ഘട്ടങ്ങളിലാണ് വൈറസ് വലിയ തോതില്‍ പടരുക. വൈറസ് ബാധയേറ്റ എല്ലാവര്‍ക്കും ചികിത്സ നല്‍കാന്‍ പോലും അത്തരമൊരു ഘട്ടത്തില്‍ കഴിഞ്ഞെന്ന് വരികയില്ല, ചൈനയില്‍ സംഭവിച്ചതും ഇപ്പോള്‍ ഇറ്റലിയിലും സ്‌പെയിനിലും സംഭവിച്ച് കൊണ്ടിരിക്കുന്നതും അതു തന്നെയാണ്. മാര്‍ച്ച് 16വരെ 7988 പേര്‍ക്കാണ് സ്‌പെയിനില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ നൂറ് പേരാണ് ഈ രാജ്യത്ത് മാത്രം മരിച്ചത്. 294 പേരാണ് ഇതുവരെ ഈ യൂറോപ്യന്‍ രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്.
അതേസമയം ലോകത്താകെ മരിച്ചവരുടെ എണ്ണം ആറായിരം കവിഞ്ഞിട്ടുണ്ട്. അത്രതന്നെ പേരുടെ നില അതീവ ഗുരുതരവുമാണ്. ഇതുവരെ 156 രാജ്യങ്ങളെയാണ് കൊറോണ വൈറസ് വേട്ടയാടിയിരിക്കുന്നത്. ഇറാനില്‍ മാത്രം 724 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ഇറ്റലിയില്‍ 1441 പേരും മരിച്ചു കഴിഞ്ഞു.
സ്‌പെയിന്‍, ഇറ്റലി തുടങ്ങി വൈറസ് ബാധയേറ്റ ഒട്ടുമിക്ക രാജ്യങ്ങളിലെ തെരുവുകളും ഇന്ന് വിജനമാണ്. പുറത്തിറങ്ങാതെ ഇരിക്കുന്നതാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് വൈകിയെങ്കിലും ചൈനയെ പോലെ അവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ തിരിച്ചറിവ് നഷ്ടപ്പെട്ടിരിക്കുന്നതിപ്പോള്‍ പ്രബുദ്ധരായ നമ്മള്‍ മലയാളികള്‍ക്കുമാത്രമാണ്.
ഇവിടെ,മഹാമാരിയിലും പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിഗ് ബോസുകളുടെ ‘ഇരകളാണ്’ ഒരു വിഭാഗം ജനങ്ങള്‍.
മലയാളികളുടെ ചിന്തികളെ പോലും നിയന്ത്രിക്കുന്ന തരത്തിലേക്ക് ഇത്തരം പരിപാടികള്‍ പോകുന്നുണ്ടെങ്കില്‍ അത് സമൂഹത്തിനാകെ ആപത്ത് തന്നെയാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വാര്‍ത്ത മാധ്യമങ്ങളും തയ്യാറാവണം. ഏഷ്യാനെറ്റിന്റെ പരപാടിയാണ് എന്നതിനാല്‍ മാത്രം ഇക്കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. രജിത് കുമാറിന്റെ ആരാധകരെ മാത്രം കുരിശിലേറ്റുന്നതും ശരിയായ നടപടിയല്ല. ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കിയവരാണ് യഥാര്‍ത്ഥ വില്ലന്മാര്‍.
ഒരിക്കലും ഒരു നല്ല സന്ദേശം മുന്നോട്ട് വയ്ക്കുന്ന പരിപാടിയല്ല ബിഗ് ബോസ്. സിനിമ പോലെയോ സീരയല്‍പോലെയോ അല്ല റിയാലിറ്റി ഷോകള്‍. ജനങ്ങള്‍ അതിനെ നോക്കി കാണുന്നതും യാഥാര്‍ത്ഥ്യ ബോധത്തോടെയാണ്. ഇതിന് പിന്നിലെ ‘തിരക്കഥകള്‍’ അറിയാതെ എല്ലാം സത്യമാണെന്ന് വിശ്വസിച്ച് പോകുന്നവരാണ് നല്ലൊരു വിഭാഗം പ്രേക്ഷകരും.
ബിഗ് ബോസ്, കുടുംബ സമ്മേതം കാണുന്നത് തന്നെ ഇന്നൊരു പരീക്ഷണമാണ്. കൊച്ചു കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എല്ലാം കണ്ണും ചെവിയും പൊത്തിപിടിക്കേണ്ട പല എപ്പിസോഡുകളും ഇതിലുണ്ട്. കൈ തല്ലിയൊടിക്കലും പച്ചമുളക് കണ്ണിലെഴുതലും അസഭ്യം പറയുന്നതും എല്ലാമാണ് ഈ പരിപാടിയുടെ പ്രധാന വിനോദം.
ഒരു വീട്ടില്‍ മത്സരാര്‍ത്ഥികളെ തടങ്കലിലാക്കി അവരുടെ ചലനങ്ങള്‍ രഹസ്യമായി സ്ഥാപിച്ച ക്യാമറ വഴി ഒപ്പിയെടുക്കുന്ന ഒളി സേവയാണ് യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ബിഗ് ബോസിലൂടെ ചെയ്യുന്നത്.
എന്നും ഈ പരിപ്പ് വേവില്ലന്ന്, കഴിഞ്ഞ എപ്പിസോഡില്‍ തന്നെ മനസ്സിലായതോടെയാണ് ഇത്തവണ അവര്‍ എരിവ് കൂടുതല്‍ കയറ്റിയിരിക്കുന്നത്.
രജിത് കുമാറിന്റെ പച്ചമുളക് പ്രയോഗവും അങ്ങനെ ഉണ്ടായതാണ്. രേഷ്മ എന്ന സഹമത്സരാര്‍ത്ഥിയുടെ കണ്ണില്‍ പച്ചമുളക് തേച്ചത് തനിക്ക് തന്ന ടാസ്‌ക്ക് പ്രകാരമാണെന്നാണ് രജിത് കുമാര്‍ തന്നെ പറയുന്നത്. ഒരു 10-ാം ക്ലാസ്സുകാരന്റെ മാനസികാവസ്ഥ പ്രകടിപ്പിക്കുന്ന രംഗമായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതേ പച്ചമുളക് വിവാദത്തില്‍ തട്ടിയാണ് രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
ഒരു മുന്‍ സി.ഐയുടെ മകളായ രേഷ്മ പരാതി നല്‍കിയാല്‍ രജിത് കുമാര്‍ മാത്രമല്ല ബിഗ് ബോസ് സംഘാടകരും പ്രതികളാകും. അതാണ് ഈ നാട്ടിലെ നിയമം.കുറ്റം ചെയ്തവനേക്കാള്‍ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയും അതിന് സാഹചര്യം ഉണ്ടാക്കുകയും ചെയ്തവരെയാണ് ആദ്യം അകത്തിടേണ്ടത്.
ലൈവായി നടന്ന കലാപരിപാടി ആയതിനാല്‍ പൊലീസിനും കാര്യങ്ങള്‍ എളുപ്പമാണ്. ഇവിടെ യുവതി പരാതി നല്‍കാതിരുന്നതാണ് സംഘാടകര്‍ക്കും രക്ഷയായിരിക്കുന്നത്.
ഒരു വീടും വാടകക്ക് എടുത്ത് കുറേ ക്യാമറകളും സ്ഥാപിച്ച് എന്തും ചിത്രീകരിച്ച് പുറത്ത് കാണിക്കാം എന്നത് തന്നെ പന്നത്തരമാണ്. ഇത്തരം നെറികേടുകള്‍ക്ക് സംപ്രേക്ഷണ അനുമതിയാണ് ആദ്യം റദ്ദാക്കേണ്ടത്. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന പരിപാടി ആയതിനാല്‍ നിയമം നല്‍കുന്ന അധികാരം ഉപയോഗിച്ച് സ്വന്തം നിലക്ക് കേസെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ പൊലീസ് ചെയ്യേണ്ടത്.
പരസ്യ ചിത്രങ്ങളിലൂടെ ആളുകളെ പറ്റിക്കുന്ന സൂപ്പര്‍സ്റ്റാറുകള്‍, ഇത്തരം റിയാലിറ്റി ഷോകളിലും അത്തരം ഏര്‍പ്പാടുകള്‍ നടത്തുന്നതും അപകടകരമാണ്. പ്രേക്ഷകര്‍ താരങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നത്.
ബിഗ് ബോസില്‍ മോഹന്‍ലാലിനെ മുന്‍നിര്‍ത്തിയത് തന്നെ വലിയ പ്രേക്ഷക പിന്തുണ ലഷ്യമിട്ടാണ്. കൂലി എഴുത്തുകാരും ഈ പരിപാടിയുടെ പ്രചരണത്തിനായി സജീവമാണ്.
എന്നാല്‍, എന്നും പ്രേക്ഷകരെ ഇങ്ങനെ വിഡ്ഡികളാക്കാന്‍ ആര്‍ക്കും കഴിയുകയില്ല. അതിന്റെ ഉദാഹരണമാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
40വര്‍ഷത്തെ തന്റെ കരിയറില്‍ ലാല്‍ നേടിയ ജനപിന്തുണയാണ് ഇപ്പോള്‍ ഉലഞ്ഞിരിക്കുന്നത്.രജിത് കുമാറിനെ പുറത്താക്കിയതില്‍ മാത്രമല്ല, വിമാനത്താവളത്തില്‍ ജനങ്ങള്‍ തടിച്ച് കുടിയതിനും ലാല്‍ ഇനി മറുപടി പറയേണ്ടി വരും. രജിത് കുമാറിനെ പുറത്താക്കിയാലുണ്ടാകുന്ന പ്രത്യാഘാതം അദ്ദേഹവും മനസ്സിലാക്കണമായിരുന്നു.
മത്സരാര്‍ത്ഥികളെ പുറത്താക്കാന്‍ സ്വീകരിക്കുന്ന വോട്ടെടുപ്പ് പോലും രജിത് കുമാറിന്റെ കാര്യത്തില്‍ നടന്നിട്ടില്ല. അവിടെ മോഹന്‍ലാല്‍ ഏകപക്ഷീയമായാണ് പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പള്‍സ് ലാല്‍ അറിഞ്ഞിരുന്നു എങ്കില്‍ ഒരിക്കലും രജിത് കുമാര്‍ പുറത്ത് പോകില്ലായിരുന്നു. ഇവിടെ ബിഗ് ബോസ് സംഘാടകരുടെ താല്‍പ്പര്യമാണ് മോഹന്‍ലാല്‍ നടപ്പാക്കിയിരിക്കുന്നത്. ഈ തീരുമാനത്തിലെ നെറികേട് കൊണ്ടു കൂടിയാണ് ഇപ്പോള്‍ ലാല്‍ പ്രതിഷേധം ഏറ്റുവാങ്ങിയിരിക്കുന്നത്.
സംസ്ഥാന ചരിത്രത്തില്‍ ഇന്നുവരെ ഒരു സിനിമാ താരത്തിനും ലഭിക്കാത്ത തെറി വിളിയാണ് ലാലിന് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തായ ദിലീപിന് ഒരു വിഭാഗം നല്‍കിയ ആനുകുല്യം പോലും ലാലിന് ഇതുവരെ ലഭിച്ചിട്ടില്ല. മോഹന്‍ലാല്‍ വഞ്ചിച്ചു എന്ന നിലപാടാണ് പേക്ഷകര്‍ക്കിടയിലുള്ളത്. ലാലിന്റെ ഫാന്‍സ് പോലും രജിത് കുമാര്‍ ആരാധകരുടെ പ്രതിഷേധത്തിനു മുന്നില്‍ നിലവില്‍ പകച്ചു നില്‍ക്കുകയാണ്. അത്രക്കും ശക്തമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പ്രതിഷേധം.
ബിഗ് ബോസിലൂടെ ലാലിന് ലഭിക്കുന്ന കോടികളേക്കാള്‍ വലുതാണ് അദ്ദേഹത്തിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന പ്രതിച്ഛായ നഷ്ടം.
ഒറ്റ ദിവസം കൊണ്ടാണ് സൂപ്പര്‍ ഹീറോ സൂപ്പര്‍ വില്ലനായി മാറിയിരിക്കുന്നത്.
ഈ ആരാധക പ്രതിഷേധത്തെ പോലും ബിഗ് ബോസിന് പബ്ലിസിറ്റിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
വൈറസിന് ജാതിയും മതവും രാഷ്ട്രീയവും താര പകിട്ടുകളും ഒന്നുമില്ല. പാവപ്പെട്ടവനെന്നോ , പണക്കാരനെന്നോയുള്ള വകഭേദവുമില്ല. ഏത് നിമിഷവും ആരുടെ മേലും അത് പടര്‍ന്നു പിടിക്കും.
ഈ സാഹചര്യം ഒഴിവാക്കാനാണ് പരമാവധി വീടുകളില്‍ കഴിയുവാന്‍ ഡോക്ടര്‍മാരും ഭരണകൂടവും ഉപദേശിച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. ‘വിനാശകാലെ വിപരീത ബുദ്ധി’ എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയുകയൊള്ളൂ.
Team express kerala