മുംബൈ: ബിഗ് ബോസ് ഒടിടി ഹിന്ദി പതിപ്പില്‍ പ്രമുഖ റിയാലിറ്റി ഷോ താരം ദിവ്യ അഗര്‍വാള്‍ വിജയി. അഭിനേത്രിയും ബിഗ് ബോസ് സീസണ്‍ 7 ടൈറ്റില്‍ വിന്നറുമായ ഗൗഹര്‍ ഖാനാണ് വിജയിയെ പ്രഖ്യാപിച്ചത്. 25 ലക്ഷം രൂപയും ട്രോഫിയുമാണ് ദിവ്യയ്ക്ക് ലഭിയ്ക്കുക. ചലചിത്ര താരം സല്‍മാന്‍ ഖാന്‍ അവതാരകനായി തിരിച്ചെത്തുന്ന കളേഴ്സ് ചാനലില്‍ ഉടന്‍ ആരംഭിയ്ക്കുന്ന ബിഗ് ബോസ് സീസണ്‍ 15ല്‍ പങ്കെടുക്കാനുള്ള അവസരവും ദിവ്യയ്ക്ക് ലഭിച്ചു.
ദിവ്യയ്ക്ക് പുറമേ ഫൈനലിലെത്തിയ മറ്റ് നാല് മത്സരാര്‍ഥികളും ബിഗ് ബോസ് ഹൗസില്‍ അംഗങ്ങളാകും. പ്രമുഖ കോറിയോഗ്രാഫറായ നിഷാന്ത് ഭട്ട്, ഹിന്ദി ചലചിത്ര താരം ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടി എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.
എംടിവിയിലെ സ്പ്ലിറ്റ്‌സ്വില്ല സീസണ്‍ 10ല്‍ ഫൈനല്‍ മത്സരാര്‍ഥികളിലൊരാളായ ദിവ്യ അഗര്‍വാള്‍ ഏസ് ഓഫ് സ്പെയ്സ് വണ്‍ എന്ന റിയാലിറ്റി ഷോയിലെ ടൈറ്റില്‍ വിന്നറാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘രാഗിണി എംഎംഎസ്: റിട്ടേണ്‍സ് 2’ എന്ന വെബ്സീരിസിലും താരം പ്രധാന വേഷം ചെയ്തിരുന്നു.