ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും സജ്‌ന ഫിറോസും വേര്‍പ്പിരിയുന്നു

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ പ്രശസ്തരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്‌ന വെളിപ്പെടുത്തി. ഇത്രയും നാള്‍ ഒപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ഒപ്പമില്ല എന്നറിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് തന്നോടുള്ള പെരുമാറ്റത്തില്‍ വ്യത്യാസമുണ്ടെന്ന് സജ്‌ന പറയുന്നു. കുടുംബം പോലെ ഒരുമിച്ചു കഴിഞ്ഞിരുന്ന ഒരാളുടെ ഭാഗത്തുനിന്ന് അത്തരത്തില്‍ ഒരു മോശം പെരുമാറ്റം തന്നോടുണ്ടായെന്നും ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു എന്നും സജ്ന വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സജ്‌നയുടെ തുറന്ന് പറച്ചില്‍.

മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിലൂടെയാണ് ഡിവോഴ്‌സിലേക്ക് എത്തിയതെന്നും എന്നാല്‍ കാരണംതികച്ചും വ്യക്തിപരമാണെന്നും സജ്‌ന പറയുന്നു.
എല്ലാവരും പുറമെ നിന്ന് കാണുന്നതൊന്നും ആയിരിക്കില്ല ഒരാളുടെ ജീവിതം. ഞങ്ങളുടെ ഇടയില്‍ മൂന്നാമതൊരാള്‍ വന്നെന്നൊന്നും കരുതരുത്. ഞങ്ങള്‍ തമ്മില്‍ ഉണ്ടായ ചില അഭിപ്രായ വ്യാത്യാസങ്ങളാണ് കാരണമെന്നും സജ്‌ന പറയുന്നു.

വേര്‍പിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കള്‍ക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് അറിയില്ല. മക്കള്‍ എന്റെ ഉമ്മയ്‌ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ വേര്‍പിരിയല്‍ വേദനയുണ്ടാക്കുന്നുണ്ട്. ഇക്ക മക്കളെ കാണാന്‍ വരാറുണ്ട്. വീട്ടില്‍ ഇപ്പോള്‍ ഉമ്മയും മക്കളും മാത്രം. ഇപ്പോള്‍ സജ്‌ന ഫിറോസ് അല്ല സജ്‌ന നൂര്‍ എന്നാണ്. നൂര്‍ ജഹാന്‍ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂര്‍ എന്നത് എന്നും സജ്‌ന പറയുന്നു.

ആദ്യ വിവാഹം പരാജയപ്പെട്ടതിനു ശേഷമാണ് ഫിറോസും സജ്‌നയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും സജ്‌നയും ഫിറോസുമാണ്. ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഷോയുടെ പാതിയില്‍ വെച്ച് രണ്ടാളും പുറത്തായി. സജ്‌ന സീരിയല്‍ അഭിനയവുമായും സജീവമായിരുന്നു.

Top