ബജറ്റ് പ്രഖ്യാപനങ്ങൾ കരുത്തേകി; ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു

മുംബൈ: ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളെ തുടർന്ന് റെക്കോഡ് നേട്ടവുമായി ഓഹരി വിപണി. സെന്‍സെക്‌സ് 2,314.84 പോയന്റ്(5ശതമാനം)ഉയര്‍ന്ന് 48,600.61ലും നിഫ്റ്റി 646.60 പോയന്റ് (4.74ശതമാനം)നേട്ടത്തില്‍ 14,281.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1902 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 979 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 198 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ ഒഴികെയുള്ള സെക്ടറുകള്‍ ഒരുശതമാനം മുതല്‍ എട്ടുശതമാനംവരെ നേട്ടമുണ്ടാക്കി.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 2-3ശതമാനം ഉയര്‍ന്നു. പൊതുമേഖല ബാങ്കുകളുടെയും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും സ്വകാര്യവത്കരണവും ഇന്‍ഷുറന്‍സ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49ശതമാനത്തില്‍നിന്ന് 75ശതമാനമാക്കി ഉയര്‍ത്തിയതും വിപണി നേട്ടമാക്കി. നിക്ഷേപക സമൂഹത്തില്‍നിന്ന് ലഭിച്ച സ്വീകാര്യതയാണ് സെന്‍സെക്‌സിന് 2000 പോയന്റിലേറെ നേട്ടമുണ്ടാക്കിയത്.

Top