പാറ്റ്‌ന: ബിഹാറിലെ അതിപുരാതന ജൈനക്ഷേത്രത്തില്‍ കവര്‍ച്ച. 2600 വര്‍ഷത്തിലേറെ പഴക്കമുളള അമൂല്യമായ മഹാവീര വിഗ്രഹം മോഷ്ടാക്കള്‍ കവര്‍ന്നു.
ജാമുയയിലെ ലചുവര്‍ ഗ്രാമത്തിലുളള ജൈനക്ഷേത്രത്തിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. വാഹനത്തില്‍ ആയുധങ്ങളുമായി എത്തിയ എട്ടംഗ സംഘം ക്ഷേത്രത്തിന്രെ ഗേറ്റ് തകര്‍ത്ത് അകത്തു കടന്ന് ക്ഷേത്ര ജീവനക്കാരെ കെട്ടിയിട്ട ശേഷം കവര്‍ച്ച നടത്തുകയായിരുന്നു.
മോഷ്ടാക്കള്‍ മുഖംമൂടി ധരിച്ചിരുന്നു. രണ്ട് മണിക്കൂറോളം സമയമെടുത്ത് പാരകൊണ്ട് ഇടിച്ചാണ് മോഷ്ടാക്കള്‍ വിഗ്രഹം ഇളക്കിമാറ്റിയതെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ സികെന്ദ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.
മഹാവീരന്രെ ജന്മസ്ഥലമായ ലചുവറില്‍ നടന്ന കവര്‍ച്ച ജൈന വിശ്വാസികളെ നടുക്കിയിരിക്കുകയാണ്. വര്‍ഷംതോറും ഒരു ലക്ഷത്തോളം ഭക്തര്‍ ലചുവറിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താറുണ്ടെന്നാണ് കണക്ക്.
അതേസമയം, ലചുവര്‍ ജൈന ക്ഷേത്രത്തിലെ കവര്‍ച്ചയെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരം തേടി. അന്വേഷണം പുരോഗമിക്കുകയാണെന്നും മോഷ്ടാക്കളെ ഉടന്‍ പിടികൂടുമെന്നും നിതീഷ് കുമാര്‍ രാജ്‌നാഥ് സിംഗിനെ ധരിപ്പിച്ചു.