മുസാഫര്‍പൂര്‍ പീഡനം : ബീഹാറില്‍ ബന്ദ്, നിതീഷ് രാജിവെക്കണമെന്ന് പ്രതിപക്ഷം

ബിഹാര്‍: മുസാഫര്‍പൂര്‍ ബാലികാകേന്ദ്രത്തിലെ ബലാല്‍സംഗക്കേസില്‍ പ്രതിഷേധിച്ച് ബീഹാറില്‍ ബന്ദ്. ബീഹാറിലെ ദാനാപൂരിലെ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡുകള്‍ തടഞ്ഞ് പ്രതിഷേധിച്ചു. ബന്ദിന് ആര്‍ജെഡിയുടെ പിന്തുണയുമുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിനോട് രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നുണ്ട്. മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ ഭര്‍ത്താവിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍പോലും പ്രതികരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തയാറായിട്ടില്ല.

അതേസമയം കേസില്‍ ആരോപണവിധേയരായ ഉന്നതരെ സര്‍ക്കാര്‍ സംരക്ഷിക്കന്നുവെന്നാരോപിച്ച് ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ബീഹാര്‍ ഭവനിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. ബിഹാറിലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് മുഖ്യമന്ത്രിക്ക് നിതീഷ് കുമാറിന് കത്തയച്ചിരുന്നു. മുസാഫര്‍പൂരിലെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതുപോലുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതിനെ തടയുന്നതിന് നടപടി എടുക്കണമെന്നും നിര്‍ദ്ദേശിച്ചു.

ബീഹാര്‍ സര്‍ക്കാരിന് കീഴിലുള്ള മുസാഫര്‍പൂര്‍ ബാലികാഗൃഹത്തിലെ കുട്ടികള്‍ക്ക് ഒരു സന്നദ്ധസംഘടന നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത മുപ്പത്തിനാല് പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്. അഭയകേന്ദ്രത്തിലെ ജീവനക്കാരാണ് പ്രതികള്‍.

അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ ഒരുപെണ്‍കുട്ടിയെ ജീവനക്കാര്‍ കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായ മഞ്ജു വേര്‍മയുടെ ഭര്‍ത്താവായ ചന്ദേശ്വര്‍ വേര്‍മയ്‌ക്കെതിരെയും ആരോപണമുണ്ട്. കേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ബാലികാഗൃഹത്തില്‍ ആകെ നാല്‍പ്പത്തിനാല് പെണ്‍കുട്ടികളാണുണ്ടായിരുന്നത്. കേസില്‍ പ്രതികളായ പതിനൊന്ന് പേരില്‍ പത്ത് പേരെയും ഇതിനൊടകംതന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം കഴിഞ്ഞദിവസം സിബിഐക്ക് കൈമാറിയിരുന്നു.

Top