ന്യൂഡല്‍ഹി : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിശാല പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്ന പശ്ചാത്തലത്തില്‍ എന്‍ഡിഎയും സമാനമായ രീതിയില്‍ തങ്ങളുടെ സഖ്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ജെഡിയു അധികാരത്തിലിരിക്കുന്ന ബീഹാറിലാണ് ഇപ്പോള്‍ ചൂട് പിടിച്ച സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നത്.
അമിത് ഷായുടെ ബീഹാര്‍ സന്ദര്‍ശനത്തിനിടെ സീറ്റ് വിഹിതത്തില്‍ ധാരണകളായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 40 സീറ്റുകളുള്ള ബീഹാറില്‍ 20 സീറ്റ് ബിജെപിയ്ക്കും 20 സീറ്റ് ജെഡിയുവിനും നല്‍കും. ചെറു പാര്‍ട്ടികളെയും കൂടെ നിര്‍ത്തി മുന്നണി വികസിപ്പിക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്. അതിനാല്‍, രാം വിലാസ് പാസ്വാന്റെ എല്‍ജെപിയ്ക്ക് അഞ്ച് സീറ്റുകളാണ് നിതീഷ് കുമാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആര്‍എല്‍എസ്പിയ്ക്ക് ബിജെപി രണ്ട് സീറ്റുകള്‍ നല്‍കാനും സാധ്യതയുണ്ട്. ആര്‍എല്‍എസ്പി മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ ആ രണ്ട് സീറ്റുകളും ബിജെപിയും ജെഡിയുവും തുല്യമായി എടുക്കും.
ആദ്യഘട്ടത്തില്‍ ബിജെപിയ്ക്ക് 20 സീറ്റുകളും ജെഡിയുവിന് 12 സീറ്റുകളുമാണ് തീരുമാനിച്ചിരുന്നത്. പക്ഷേ മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിട്ടു വീഴ്ചകള്‍ക്ക് ഇരുവരും തയ്യാറായത്. കഴിഞ്ഞ തവണ പരാജയപ്പെട്ട ഭാഗല്‍പ്പൂരില്‍ ഇത്തവണ ബിജെപി മത്സരിക്കും. അതുപോലെ തന്നെ, നിതീഷിന്റെ ബന്ധു ലാലന്‍ സിംഗ് മത്സരിച്ച് തോറ്റ മുങ്കേര്‍ മണ്ഡലത്തില്‍ ഇത്തവണയും ജെഡിയു ജനവിധി തേടും.
ബിജെപി വിമതന്‍ കീര്‍ത്തി ആസാദിന്റെ മണ്ഡലമായ ദര്‍ബാംഗയില്‍ ജെഡിയു മത്സരിക്കും. മുതിര്‍ന്ന നേതാവ് ഹുക്കുംദേവ് നാരായണ്‍ യാദവ് ഇത്തവണ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം അദ്ദേഹത്തിന്റെ മകന്‍ കന്നി അങ്കത്തിനിറങ്ങും. അതുപോലെ, ഭോലാ സിംഗും ഇത്തവണ ആരോഗ്യ കാരണങ്ങളാല്‍ മത്സരിക്കില്ല.