ഡല്‍ഹി: ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. വൈകിട്ടോടെ എന്‍.ഡി.എ. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയും. എന്നാല്‍, മുന്നണിമാറ്റം സംബന്ധിച്ച് നിതീഷ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ നിതീഷിന്റെ രാജി ‘ഇന്ത്യ’ പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, ഇക്കുറി ബി.ജെ.പിയുടെ സ്വന്തം മുഖ്യമന്ത്രി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് പട്നയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറിയത്. ആര്‍.ജെ.ഡി., ജെ.ഡി.യു. നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നു.
ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി. നിതീഷിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച രാത്രി വൈകിയും ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.