ജനസംഖ്യ നിയന്ത്രണത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ഡല്‍ഹി: ജനസംഖ്യ നിയന്ത്രണത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ക്ക് ജനന നിയന്ത്രണത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. വിമര്‍ശനം കടുത്തതോടെ നിതീഷ് കുമാര്‍ പരാമര്‍ശം പിന്‍വലിച്ചു.

സന്താന നിയന്ത്രണം ഒഴിവാക്കാനുള്ള ലൈംഗിക ബന്ധത്തിലെ രീതികള്‍ പെണ്‍കുട്ടികള്‍ക്കറിയാമെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം. ആംഗ്യങ്ങള്‍ കാണിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതിനെതിരെ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയും രംഗത്തെത്തി. നിതീഷ് കുമാര്‍ മാപ്പ് പറയണമെന്ന് രേഖ ശര്‍മ്മ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഭാഷ ഇതാണെങ്കില്‍ സംസ്ഥാനം അനുഭവിക്കുന്ന ഭീകരത ഊഹിക്കാവുന്നതേയുള്ളൂവെന്നും രേഖ ശര്‍മ്മ പറഞ്ഞു.

വിമര്‍ശനം ശക്തമായതോടെ പെണ്‍കുട്ടികള്‍ക്കെതിരായ നിയമസഭയിലെ ലൈംഗിക പരാമര്‍ശത്തില്‍ പ്രതികരണവുമായി നിതീഷ് കുമാര്‍ രംഗത്തെത്തുകയായിരുന്നു. വിവാദ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top