പട്ന : സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമന വിഷയത്തിൽ സർക്കാർ – ഗവർണർ പോരിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. വൈസ് ചാൻസലർ നിയമനത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനായി ചാൻസലർ ഓഫിസ് അപേക്ഷ ക്ഷണിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു വിദ്യാഭ്യാസ വകുപ്പും അപേക്ഷ ക്ഷണിച്ചത്.
വൈസ് ചാൻസലർമാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയോടെയാണ് തർക്കം ആരംഭിച്ചത്. വൈസ് ചാൻസലർമാർക്കെതിരെ നടപടിയെടുക്കാൻ ചാൻസലറിനു മാത്രമേ അധികാരമുള്ളുവെന്നു രാജ്ഭവൻ നിലപാടെടുത്തു.
ചാൻസലർ എന്ന നിലയിൽ ഗവർണർക്കുള്ള അധികാരങ്ങൾ കവർന്നെടുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. ഗവർണറെ അവഹേളിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.