മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി മഹാസഖ്യത്തില്‍ ഉള്‍പ്പോര് രൂക്ഷം

പട്‌ന: ആര്‍ജെഡി നേതാവും നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാകില്ലെന്നു സഖ്യകക്ഷി നേതാക്കള്‍ തുറന്നടിച്ചതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ബിഹാര്‍ മഹാസഖ്യത്തില്‍ രൂക്ഷമാകുന്ന ഉള്‍പ്പോര് പരസ്യമായി.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ തേജസ്വി യാദവിനു കഴിയില്ലെന്നതാണ് സഖ്യകക്ഷികളുടെ നിലപാട്. ബിഹാറില്‍ ആര്‍ജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവാണെന്നു പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ പ്രഖ്യാപിച്ചിരുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു തേജസ്വി യാദവ് ഈ മാസം 23നു റോസ്ഗാരി ഹഠാവോ യാത്ര(തൊഴിലില്ലായ്മ നിര്‍മാര്‍ജന യാത്ര) പ്രഖ്യാപിച്ചിരിക്കെയാണ് സഖ്യകക്ഷികള്‍ ഇടയുന്നത്.

കോണ്‍ഗ്രസും തേജസ്വി യാദവിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചിട്ടില്ല. മഹാസഖ്യത്തില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.

ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവിനെ മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നു രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) നേതാവ് ഉപേന്ദ്ര കുശ്വാഹ, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി എന്നിവര്‍ അഭിപ്രായപ്പെട്ടു. ശരദ് യാദവിന്റെ വസതിയില്‍ ചേര്‍ന്ന രഹസ്യ യോഗത്തിനു ശേഷമാണ് സഖ്യകക്ഷികള്‍ കടുത്ത നിലപാടു സ്വീകരിച്ചത്. സഖ്യത്തിലെ മുഖ്യകക്ഷികളായ ആര്‍ജെഡി, കോണ്‍ഗ്രസ് പ്രതിനിധികളെ യോഗത്തിലേക്കു ക്ഷണിച്ചിരുന്നില്ല.

Top