പാട്‌ന: ബിഹാറില്‍ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലേ മുന്നറിയിപ്പുമായി ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍. സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ജീനോം സീക്വന്‍സിങ് ലബോറട്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ നിന്നും അടുത്തിടെ വന്ന പാട്‌നാ സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബിഹാറില്‍ കൂടുതല്‍ പേര്‍ താമസിക്കുന്ന പാട്‌നയിലും ഗയയിലുമാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്നാം കോവിഡ് തരംഗത്തെ നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ സജ്ജരാണെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉടന്‍ അവലോകന യോഗം ചേര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.