ഝാർഖണ്ഡിലെ ജെഎംഎം എംഎൽഎമാർക്ക് പുറമേ ബിഹാർ കോൺഗ്രസിലെ എംഎൽഎമാരും തെലങ്കാനയിൽ എത്തി. ഹൈദരാബാദിലെ റിസോർട്ടിലേക്കാണ് 16 എംഎൽഎമാർ എത്തിയത്. ഫെബ്രുവരി 14 ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എൻഡിഎ സർക്കാർ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് കോൺഗ്രസിന്റെ നീക്കം.
19 എംഎൽഎമാരാണ് ബിഹാറിൽ കോൺഗ്രസിനുളളത്. ബാക്കിയുളള മൂന്ന് എംഎൽഎമാരും തെലങ്കാനയിലേക്ക് നീങ്ങിയേക്കുമെന്ന് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് സിങ് അറിയിച്ചു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടത്തി വിജയിച്ച കോൺഗ്രസ് സർക്കാരിനെ അഭിനന്ദിക്കാനാണ് എംഎല്‍എമാരടക്കം എത്തിയതെന്നും രേവന്ത് റെഡ്ഡിയെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കുമെന്നും അഖിലേഷ് സിങ് വ്യക്തമാക്കി.
അതേസമയം ബിജെപിയുടെ ചാക്കിട്ടുപിടിത്തത്തിൽ നിന്ന് രക്ഷ നേടി ഹൈദരാബാദിൽ എത്തിയ ഝാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, ആർജെഡി എംഎൽഎമാർ റാഞ്ചിയിലേക്ക് തിരിച്ചുപോയി. തിങ്കളാഴ്ചയാണ് ഝാർഖണ്ഡിൽ വിശ്വാസ വോട്ടെടുപ്പ്. രംഗറെഡ്ഡിയിലെ സിരി നാച്വേഴ്സ് വാലി റിസോർട്ടിലാണ് എംഎൽഎമാരെ പാർപ്പിച്ചിരുന്നത്. ബിഹാറിൽ നിന്നെത്തിയ എംഎൽഎമാർ എവിടെയാണ് താമസിക്കുന്നതെന്ന് അറിയില്ലെന്ന് തെലങ്കാന എംഎല്‍എ എം ആര്‍ റെഡ്ഡി പറഞ്ഞു.