ബിഹാര്‍ ‘ഡ്രൈ’ സംസ്ഥാനമാണ്. എല്ലാ ഒന്നാം തീയതിയും ഡ്രൈ ഡേ ആഘോഷിക്കുന്ന മലയാളികള്‍ക്ക് ഡ്രൈ എന്താണെന്ന് പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലല്ലോ. എന്നാല്‍ ബിഹാറിന്റെ അവസ്ഥ ഇതൊന്നുമല്ല, സമ്പൂര്‍ണ്ണ മദ്യനിരോധനമാണ് നിലനില്‍ക്കുന്നത്. ഇത് മറികടന്ന് മദ്യം എത്തിക്കാന്‍ മാഫിയ സംഘങ്ങള്‍ പലവിധ വഴികളും പയറ്റുന്നുണ്ട്.
ഓയില്‍ ടാങ്കര്‍, പാല്‍ കണ്ടെയ്‌നര്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയുമെല്ലാം സംഘങ്ങള്‍ മദ്യം എത്തിക്കുന്നുണ്ട്. ഇതെല്ലാം പോരാഞ്ഞിട്ടാണ് മദ്യമാഫിയകള്‍ പുതിയൊരു വഴി കണ്ടെത്തിയിരിക്കുന്നത്. ശവപ്പെട്ടി ഉപയോഗിച്ച് മദ്യം സംസ്ഥാനത്തേക്ക് എത്തിക്കുകയാണ് ഇവരുടെ പുതിയ വഴി. പക്ഷെ പോലീസിന് മുന്നില്‍ ഇതും പൊളിഞ്ഞു.
പഞ്ചാബ് നമ്പര്‍ പ്ലേറ്റുള്ള ലോറിയില്‍ ഒഴിഞ്ഞ ശവപ്പെട്ടികളിലായി കടത്തിയ മദ്യമാണ് ബിഹാര്‍ പോലീസ് പിടികൂടിയത്. പോലീസ് തടഞ്ഞപ്പോള്‍ ശവപ്പെട്ടി എത്തിക്കുകയാണെന്നാണ് ട്രക്ക് ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ ഇതിലൊന്ന് തുറന്ന് നോക്കിയതോടെ പോലീസ് ഞെട്ടി. 4337 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് ആറ് ശവപ്പെട്ടികളിലായി അടുക്കിവെച്ചിരുന്നത്.
മാഫിയകളുടെ ക്രിയേറ്റീവ് കഴിവില്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ് പോലീസ് സംഘം. 2014 ഏപ്രില്‍ മുതലാണ് ബിഹാറില്‍ മദ്യനിരോധനം നിലവില്‍ വന്നത്. ഇതിന് ശേഷം മദ്യക്കടത്തുമായി ബന്ധപ്പെട്ട് 1.67 ലക്ഷം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.