ബിഹാര്‍ പ്രതിസന്ധി ; എല്ലാവരെയും ഒരുമിപ്പിക്കാന്‍ പരാമാവധി ശ്രമിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബെംഗളൂരു: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്‍ഡ്യ സഖ്യം വിടുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാവരെയും ഒരുമിപ്പിക്കാന്‍ പരാമാവധി ശ്രമിക്കും. ജനതാദള്‍ (യുണൈറ്റഡ്) സഖ്യം വിടുമോ എന്ന് തനിക്ക് അറിയില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ഇത് സംബന്ധിച്ച് നിതീഷ് കുമാറിന് കത്ത് എഴുതിയിട്ടുണ്ടെന്നും അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ‘നിതീഷ് കുമാറിന്റെ മനസ്സില്‍ എന്താണ് ഉളളതെന്ന് എനിക്ക് അറിയില്ല. നാളെ ഞാന്‍ ഡല്‍ഹിയിലേക്ക് തിരിക്കും അപ്പോള്‍ എല്ലാ വിവരവും ലഭിക്കും. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കാം,’ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളായ മമത ബാനര്‍ജിയുമായും സീതാറാം യെച്ചൂരിയുമായും സംസാരിച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് നിന്നാല്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് അവരോട് പറഞ്ഞു. ആരാണോ ഇന്‍ഡ്യാ സഖ്യം നന്നായി പ്രവര്‍ത്തിക്കണമെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നവര്‍ അവര്‍ തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിതീഷ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേരുന്ന ജെഡിയു എംഎല്‍എമാരുടെയും എംപിമാരുടെയും യോഗത്തിന് പിന്നാലെ എന്‍ഡിഎ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നാലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാര്‍ രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടായേക്കും.

Top