പാട്‌ന: ബീഹാറില്‍ നടപ്പാക്കിയ ജാതി സെന്‍സസിന്റെ കണക്കുകള്‍ ബീഹാര്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. പുതിയ സെന്‍സസ് പ്രകാരം ബീഹാറില്‍ പിന്നോക്ക വിഭാഗത്തില്‍ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തില്‍ 36.01 ശതമാനവും ജനങ്ങളുണ്ട്. എന്നാല്‍ മുന്നോക്ക വിഭാഗത്തിലാകട്ടെ 15.52 ശതമാനം പേര്‍ മാത്രമാണുള്ളത്. ബീഹാറിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ‘ഇന്ത്യ’ മുന്നണി ജാതി സെന്‍സസ് നടത്തണമെന്ന് ദേശീയ തലത്തില്‍ ആവശ്യമുന്നയിക്കുമ്പോള്‍ ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പുറത്തുവിടുന്നത് പ്രസക്തമാവുകയാണ്.
രാജ്യത്ത് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഓരോ തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിക്കുന്നുണ്ട്. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കത്തയച്ചതും ‘ഇന്ത്യ’ മുന്നണി ബിജെപിയെ പ്രധിരോധത്തിലാക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ്. ജാതി സെന്‍സസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ കത്തിലുണ്ട്.
പിന്നോക്ക വിഭാഗക്കാരുടെ ശാക്തീകരണത്തിനും സാമൂഹിക നീതി ഉറപ്പാക്കാനും സെന്‍സസ് അത്യാവശ്യമാണെന്നും സെന്‍സസ് നടത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും 2021ല്‍ നടക്കേണ്ട പൊതു സെന്‍സസും അടിയന്തരമായി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കത്തില്‍ ഖാര്‍ഗെ ആവശ്യപ്പെടുന്നു.