പട്‌ന: കടുത്ത ചൂടും വെയിലും മൂലം തീപ്പിടുത്തം വ്യാപകമായ സാഹചര്യത്തില്‍ വിചിത്രമായ പരിഹാര മാര്‍ഗവുമായി ബിഹാര്‍ സര്‍ക്കാര്‍. രാവിലെ ഒമ്പത് മണിക്കും ആറ് മണിക്കും ഇടയില്‍ ആരും പാചകം ചെയ്യരുതെന്നും തീ കത്തിക്കേണ്ടി വരുന്ന പൂജകള്‍ ചെയ്യരുതെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്.
ഇത് തെറ്റിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം ജയില്‍ ശിക്ഷ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
ശക്തമായ കാറ്റ് അടുപ്പിലെ തീ കുടിലുകളിലേക്ക് പടര്‍ത്തുമെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. രണ്ട് ദിവസം മുമ്പ് ബേഗു സാരായ് ജില്ലിയിലുണ്ടായ തീപ്പിടുത്തതില്‍ 300 കുടിലുകള്‍ കത്തി നശിച്ചിരുന്നു. തീപ്പിടുത്തമുണ്ടായ സ്ഥലങ്ങളില്‍ സര്‍വ്വേ നടത്തിയിട്ടാണ് പാചകം അടക്കം തീകത്തിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളെ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം ഈ നിയമം എത്രപേര്‍ അനുസരിക്കുമെന്നും അത് എങ്ങിനെ നടപ്പിലാക്കുമെന്നുമുള്ള കാര്യത്തില്‍ പോലീസുകാരും ആശങ്കയിലാണ്.
ശിക്ഷ പേടിച്ച് ആളുകള്‍ നിയമം അനുസരിച്ചേക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി ബീഹാറിലുണ്ടായ തീപ്പിടുത്തങ്ങളില്‍ 66 ആളുകള്‍ മരിക്കുകയും 1,200 മൃഗങ്ങള്‍ ചത്തൊടുങ്ങുകയും ചെയ്തിരുന്നു