ബഗല്‍പൂര്‍: ബീഹാര്‍ കലാപത്തിലെ മുഖ്യ പ്രതിയായ കേന്ദ്രമന്ത്രി അശ്വിനി ചൗബെയുടെ മകന്‍ അര്‍ജിത് ശാശ്വതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബഗല്‍പൂര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ശനിയാഴ്ച അറസ്റ്റിലായ ശാശ്വത് ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബീഹാറില്‍ കലാപം ഉണ്ടാകുന്നതിന് കാരണമാകുന്ന വിധത്തില്‍ മുദ്രാവാക്യം വിളിച്ചു എന്നതാണ് ശാശ്വതിനെതിരെയുള്ള കേസ്.
കസ്റ്റഡിയിലാവുന്നതിന് മുന്‍പ് ശാശ്വത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതോടെയാണ് ശനിയാഴ്ച ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്. അതേസമയം തന്റെ മകന് കേസുമായി യാതൊരു ബന്ധവും ഇല്ലെന്ന് അശ്വിന്‍ ചൗബെ പ്രതികരിച്ചു. മകനെതിരെ വ്യാജ എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തതെന്നും, കേസില്‍ നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്നും ചൗബെ കൂട്ടിച്ചേര്‍ത്തു.
രാമനവമി ദിനത്തില്‍ അനുമതി ഇല്ലാതെ ശാശ്വതിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ നടത്തിയ ആഘോഷങ്ങള്‍ക്കിടെയാണ് കലാപം ഉണ്ടായത്. ബഗല്‍പ്പൂര്‍ ജില്ലയില്‍ ആരംഭിച്ച കലാപം പിന്നീട് പത്ത് ജില്ലകളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. ആഘോഷങ്ങള്‍ക്കിടെ ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും പിന്നീടത് വര്‍ഗീയ കലാപത്തിലേക്ക് നീങ്ങുകയുമായിരുന്നു. ആഘോഷങ്ങള്‍ക്കിടെ നടന്ന കല്ലേറില്‍ പൊലീസടക്കം 60 ഓളം ആളുകള്‍ക്ക് പരുക്കേറ്റിരുന്നു.