തിരിച്ചുവരവ്; തീരുമാനിക്കേണ്ടത് സംയുക്ത തന്നെയെന്ന്‌ ബിജുമേനോന്‍

ചുരുക്കം ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് സംയുക്ത വര്‍മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന താരത്തിന്റെ തിരിച്ചു വരവ് എന്നാണ് എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. വിവാഹ ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന
മഞ്ജു വാര്യര്‍, ഉര്‍വശി സംവൃത സുനില്‍,മീരാജാസ്മിന്‍ തുടങ്ങിയ നടിമാര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ സംയുക്തയുടെ തിരിച്ചുവരവ് എന്നായിരുന്നു എന്നതായിരുന്നു ആരാധകരുടെ ചോദ്യം.

എന്നാല്‍ ഇപ്പോഴിതാ സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് തുറന്ന് പറയുകയാണ് നടനും സംയുക്തയുടെ ഭര്‍ത്താവുമായ ബിജു മേനോന്‍.വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് തീരുമാനം എടുക്കേണ്ടത് സംയുക്ത ആണെന്നാണ് ബിജു മേനോന്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അഭിനയത്തിലേയ്ക്ക്‌
തിരിച്ചു വരാന്‍ സംയുക്തക്ക് താല്‍പ്പര്യമില്ലെന്നും ബിജു മേനോന്‍ വ്യക്തമാക്കി.

സിനിമയിലഭിനയിക്കണോ എന്ന കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം സംയുക്തക്കുണ്ട്. താനൊരിക്കലും നിര്‍ബന്ധിക്കാറില്ലെന്നും എന്നാല്‍ ഇപ്പോള്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല എന്നാണ് സംയുക്തയുടെ തീരുമാനമെന്നും ബിജുമേനോന്‍ പറഞ്ഞു.

ഞങ്ങളുടെ മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം സംയുക്തക്കുണ്ടെന്നും ബിജു മേനോന്‍ പറഞ്ഞു.

സിനിമ അറിയാവുന്ന ഭാര്യയായതിനാല്‍ തന്നെ തന്റെ അഭിനയം ബോറാണെന്ന് സംയുക്ത പല അവസരത്തിലും പറഞ്ഞിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രമാണ് ബിജു മേനോന്റെതായി തിയേറ്ററില്‍ എത്താനുള്ളത്. സംവൃത സുനിലാണ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ ബിജുമേനോന്റെ ഭാര്യാ വേഷത്തിലാണ് സംവൃത അഭിനയിക്കുന്നത്. വിവാഹശേഷം സംവൃത മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്.

Top