ബിജു പ്രഭാകറിന്റെ ആരോപണം ശരിയെന്ന് ധനകാര്യ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ക്രമക്കേടുമായി ബന്ധപ്പെട്ട നൂറ് കോടി രൂപയുടെ കണക്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ട്. 2012-15 കാലഘട്ടത്തിലെ ധനവിനിയോഗത്തിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എംഡി ബിജു പ്രഭാകര്‍ അക്കൗണ്ട് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

100 കോടി 75 ലക്ഷം രൂപയുടെ കുറവ് പരിശോധന റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. അക്കൗണ്ട് ഓഫീസറുള്‍പ്പെടെ ഉത്തരവാദിത്വപ്പെട്ട പോസ്റ്റുകളിലിരിക്കുന്ന ഓഫീസര്‍മാരുടെ വീഴ്ചയാണ് കണക്ക് രേഖപ്പെടുത്തുന്നതില്‍ പിഴവ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്.

ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകള്‍ സൂക്ഷിച്ചിരുന്നില്ല. ഇതൊന്നും രേഖപ്പെടുത്താതെ മനപ്പൂര്‍വ്വം ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ധനകാര്യവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്. അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

Top