കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഭരണകക്ഷി നേതാക്കള്‍ക്കുമെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിന്റെ തെളിവായ സി.ഡി, ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മിഷന് മുമ്പാകെ ഹാജരാക്കിയില്ല.
സി.ഡി ഇന്ന് തന്നെ ഹാജരാക്കുമെന്നും എന്നാല്‍ സി.ഡി കേരളത്തിന് വെളിയിലായതിനാല്‍ പത്ത് മണിക്കൂര്‍ സമയം അനുവദിക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ബിജുവില്‍ നിന്നും സിഡി പിടിച്ചെടുക്കാന്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. സിഡി പിടിച്ചെടുക്കാന്‍ അധികാരമുണ്ടോയെന്ന് പരിശോധിച്ച കമ്മീഷന്‍ കേസിന്റെ നിര്‍ണ്ണായക തെളിവാണെങ്കില്‍ പിടിച്ചെടുക്കാമെന്ന നിഗമനത്തിലെത്തി.
ഇന്ന് തന്നെ സിഡി കണ്ടെടുക്കാനാണ് ശ്രമം. ബിജുവുമായി പൊലീസ് സംഘം പുറപ്പെട്ടു. പൊലീസും അഭിഭാഷകരും അടങ്ങുന്ന ആറംഗ സംഘമാണ് ബിജുവിനൊപ്പം പോകുന്നത്.
ഭയമുള്ളതിനാലാണ് സി.ഡി കേരളത്തിന് പുറത്ത് സൂക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ബിജു പറഞ്ഞു. തന്റെ കൈവശം തെളിവുണ്ടെന്ന് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. നാലിടങ്ങളിലായി തെളിവുകള്‍ സൂക്ഷിച്ചു വച്ചിട്ട്. ബ്രെയിന്‍ മാപ്പിംഗ് അടക്കം ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയാറാണെന്നും ബിജു കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കി.
തന്നെ ഭ്രാന്തനാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ബിജു ആരോപിച്ചു. സി.ഡി ഹാജരാക്കുമെന്ന നിലപാടില്‍ ഒരു മാറ്റവുമില്ല. തന്റെ കൈയില്‍ തെളിവില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ (മാദ്ധ്യമ പ്രവര്‍ത്തകര്‍) അങ്ങനെ വിശ്വസിച്ചോളൂ എന്നും ബിജു പറഞ്ഞു.
കേസില്‍ സോളാര്‍ കമ്മിഷന് മുമ്പാകെ ഹാജരാക്കാന്‍ എത്തിയപ്പോഴാണ് ബിജു മാദ്ധ്യമങ്ങളോട് സംസാരിച്ചത്. കേസിലെ മറ്റൊരു പ്രതിയായ സരിത എസ്.നായരെ ഉമ്മന്‍ചാണ്ടിയും രണ്ടു മന്ത്രിമാരും അടക്കം ആറു പേര്‍ ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു ബിജു കഴിഞ്ഞ തവണ മൊഴി നല്‍കിയപ്പോള്‍ കമ്മിഷന് മുമ്പാകെ അവകാശപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങളും കൈവശമുണ്ടെന്നും ബിജു അവകാശപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ എ.പി.അനില്‍കുമാര്‍, ഷിബു ബേബി ജോണ്‍, ആര്യാടന്‍ ഷൗക്കത്ത്, ഹൈബി ഈഡന്‍ എം.എല്‍.എ, അനില്‍കുമാറിന്റെ പി.എ നസ്‌റുള്ള എന്നിവര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു ബിജുവിന്റെ ആരോപണം. ദൃശ്യങ്ങള്‍ സരിത തന്നെയാണു ശേഖരിച്ചതെന്നും ബിജു മൊഴി നല്‍കിയിരുന്നു.
ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയ തന്റെ ജീവനും ഭീഷണിയുണ്ടെന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും ബിജു കമ്മീഷനോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് സി.ഡി ഹാജരാക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, ബിജുവിന്റെ ആരോപണം തെറ്റാണെന്നും ഇല്ലാത്ത സി.ഡി എവിടെ നിന്നാണ് വരികയെന്നും സരിത എസ്.നായര്‍ ചോദിച്ചിരുന്നു.