കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. സോളാര്‍ കമ്മീഷന് മുന്നിലാണ് ബിജു മൊഴി നല്‍കിയത്.
മൂന്ന് ഘട്ടമായാണ് പണം നല്‍കിയത്. അഞ്ച് കോടി പത്ത് ലക്ഷം രൂപ നേരിട്ട് നല്‍കി. ബിജു, ജോപ്പന്‍ എന്നിവര്‍ വഴിയാണ് ബാക്കി രൂപ കൈമാറിയത്. സലീം രാജ് ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രിക്ക് പണം കൈമാറിയതെന്നും ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.
പാലക്കാട് കിന്‍ഫ്ര,കൈലാസപ്പാറ എന്നിവിടങ്ങളിലെ പദ്ധതികള്‍ക്കായാണ് പണം കൈമാറിയത്. കിന്‍ഫയില്‍ 70 ഏക്കര്‍ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. പദ്ധതി വിജയിച്ചാല്‍ ചാണ്ടി ഉമ്മനെ കമ്പനിയുടെ പങ്കാളിയാക്കാനും പദ്ധതിയുണ്ടായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയുമായി സംസാരിച്ചതെന്നും സരിത ഗണേഷ് കുമാര്‍ വിഷയത്തിലും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നതായും ബിജു മൊഴിയില്‍ പറയുന്നു.
മന്ത്രി ആര്യാടന്‍ മുഹമ്മദിനും ഗണേഷ്‌കുമാറിനും കൈക്കൂലി നല്‍കിയതായി സോളാര്‍ കമ്മിഷനില്‍ ബിജുവിന്റെ മൊഴി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.15 ലക്ഷം രൂപ ആര്യാടന്‍ മുഹമ്മദിനും 40 ലക്ഷം രൂപ കെബി ഗണേഷ് കുമാറിനും കൈമാറിയെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. കെഎസ് ഇബി ഓഫീസുകളില്‍ സോളാര്‍ സ്ഥാപിക്കുന്നതിനും,അനര്‍ട്ടിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുമാണ് പണം നല്‍കിയത്.
മന്ത്രിമാരെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന് 5 മന്ത്രിമാര്‍ക്ക് മൂന്ന് ലക്ഷം വീതം നല്‍കിയെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. വനം വകുപ്പില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കാനാണ് ഗണേഷിന് പണം നല്‍കിയത്. ഇടനിലക്കാരനായി നിന്നത് ടെന്നി ജോപ്പനാണെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ 2011 മുതല്‍ പരിചയമുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ മൊഴിയില്‍ പറയുന്നു.