Biju Radhakrishnan in solar commission with planned script

സോളര്‍ കമ്മിഷനില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്റെ ഓരോനീക്കവും വ്യക്തമായ പ്ലാനോടും കരുതലോടും കൂടി.

സോളാര്‍ കമ്മീഷനില്‍ ഹാജരാകുമ്പോള്‍ ബിജു രാധാകൃഷ്ണന്‍ ഒപ്പംകരുതിയത്, ക്രോസ് വിസ്താരം പഠിപ്പിക്കുന്ന പ്രശസ്തമായ നിയമപുസ്തകം. മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ഇത് കണ്ടെത്തി പരസ്യമാക്കുകയും ചെയ്തു.

സരിതയുടെ അടക്കം പല സ്ത്രീകളുടെയും നഗ്‌നചിത്രങ്ങളെടുത്ത് സൂക്ഷിക്കുന്നയാളാണ് ബിജുവെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ആരോപണവും ഉന്നയിച്ചു. സരിതയുടെ ചിത്രങ്ങളെടുത്തത് കെ.ബി.ഗണേശ് കുമാറാണെന്ന് ബിജു തിരിച്ചടിച്ചു. വാദത്തിനിടെ ഉയര്‍ന്ന ഇത്തരം പരാമര്‍ശങ്ങള്‍ നാടകീയ രംഗങ്ങളാണ് സോളാര്‍ കമ്മീഷന്‍ സിറ്റിങിലുണ്ടാക്കിയത്.

വരുമ്പോഴും പോകുമ്പോഴുമെല്ലാം കേസ് രേഖകള്‍ക്കൊപ്പം ബിജു രാധാകൃഷ്ണന്‍ ചേര്‍ത്തുപിടിച്ച പുസ്തകം ഏതെന്ന ചോദ്യം ഉന്നയിച്ചാണ് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ജോണ്‍ റാല്‍ഫ് തുടങ്ങിയത്. കൗതുകത്തോടെ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ പുസ്തകം വാങ്ങി പരിശോധിച്ചു. പ്രശസ്തമായ നിയമഗ്രന്ഥങ്ങള്‍ പലത് രചിച്ച വൈ രാമറാവുവിന്റെ, ദ ആര്‍ട് ഓഫ് ക്രോസ് എക്‌സാമിനേഷന്‍ ഓഫ് വിറ്റ്‌നസസ്. ഉച്ചത്തില്‍ അദ്ദേഹം പേരുവായിച്ചത് എല്ലാവരിലും ചിരിപടര്‍ത്തി.

മുഖ്യമന്ത്രിക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്റെ ഉദ്ദേശ്യശുദ്ധിയും സ്വഭാവശുദ്ധിയും ചോദ്യം ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ വാദങ്ങള്‍. തന്റെ നഗ്‌നത ചിത്രീകരിച്ച് ബിജു ഭീഷണിപ്പെടുത്തിയെന്ന സരിത എസ് നായരുടെ മൊഴി ആദ്യം ഉന്നയിച്ചു. എന്നാല്‍ ബിജുവിന്റെ മുന്‍ ഭാര്യ രശ്മിയുടെ കൊലക്കേസിലെ മൊഴിയാണത് എന്നതിനാല്‍ ഇവിടെ ഉന്നയിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

തുടര്‍ന്നാണ് മറ്റൊരു സ്ത്രീയുടെ നഗ്‌നത ബിജു പകര്‍ത്തി സൂക്ഷിച്ചുവെന്ന വാദം അഭിഭാഷകന്‍ ഉന്നയിച്ചത്. എന്നാലതിന് തെളിവുണ്ടോയെന്നായി കമ്മിഷന്‍. ബിജു അറസ്റ്റിലാകുമ്പോള്‍ പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ ഇത് ഉണ്ടായിരുന്നുവെന്നും വ്യക്തമായ വിവരമുണ്ടെന്നും വാദിച്ചെങ്കിലും കമ്മിഷന്‍ അനുവദിച്ചില്ല. കേസുമായി ബന്ധമില്ലാത്തതൊന്നും പറയരുതെന്ന് വിലക്കുകയും ചെയ്തു. എന്നാല്‍ ബിജുവിന്റെ സ്വഭാവവൈകൃതം വ്യക്തമാക്കാന്‍ ഇത് ആവശ്യമാണെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ വീണ്ടും വാദിച്ചു. ഇതിന് മറുപടിയായിട്ടായിരുന്നു ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍.

സരിതയുടെ നഗ്‌നത ചിത്രീകരിച്ചത് താനല്ലെന്നും ഗണേഷ് കുമാറായിരുന്നുവെന്നും ബിജു പറഞ്ഞ് തുടങ്ങി. എന്നാല്‍ അവയൊന്നും പരിഗണനാവിഷയമല്ലെന്ന് നിര്‍ദ്ദേശിച്ച് ഇരുകൂട്ടരെയും കമ്മിഷന്‍ കര്‍ശനമായി വിലക്കുകയായിരുന്നു. അപകടത്തിലേക്കാണ് പോകുന്നതെന്നും ആവശ്യമില്ലാത്തതൊന്നും തന്നെക്കൊണ്ട് പറയിക്കരുതെന്നും ചോദ്യങ്ങള്‍ വിലക്കിക്കൊണ്ട് പലഘട്ടത്തിലും മുഖ്യമന്ത്രിയുടെ അഭിഭാഷകന് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ബിജു രാധാകൃഷ്ണനുമായി ബന്ധപ്പെടുത്തി ദൃശ്യങ്ങള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയ സ്ത്രീ ഒരു പ്രമുഖ സീരിയല്‍ താരമാണെന്നാണ് ലഭിക്കുന്ന സൂചന.

Top