തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ ഉയര്‍ത്തിയ ലൈംഗികാരോപണത്തിന്റെ ദൃശ്യങ്ങളടങ്ങിയ സി.ഡി പിടിച്ചെടുക്കുമെന്ന് സോളാര്‍ തട്ടിപ്പ് അന്വേഷണ കമ്മിഷന്‍ ജസ്റ്റീസ് ശിവരാജന്‍. സിഡി പിടിച്ചെടുക്കുന്നതുവരെ ബിജുവിനോട് കമ്മീഷനില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കി.
രാവിലെ കമ്മിഷനു മുമ്പാകെ ഹാജരാക്കിയപ്പോള്‍ സി.ഡി കേരളത്തിന് പുറത്താണെന്ന് ബിജു രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. സി.ഡിയുടെ മൂന്ന് കോപ്പികള്‍ എന്നാല്‍ അവ കേരളത്തിന് വെളിയിലാണെന്നും കമ്മിഷന് നല്‍കാന്‍ 10 മണിക്കൂര്‍ സമയം അനുവദിക്കണമെന്നും ബിജു ആവശ്യപ്പെട്ടു. കാറില്‍ പോയാല്‍ പത്ത് മണിക്കൂറുകൊണ്ട് സിഡി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എത്തിക്കാമെന്നും ബിജു വ്യക്തമാക്കി.
തുടര്‍ന്നാണ് സി.ഡി പിടിച്ചെടുക്കാന്‍ കമ്മിഷന് അധികാരമുണ്ടോയെന്ന് പരിശോധിച്ചത്. കേസിന്റെ നിര്‍ണായക തെളിവാണെങ്കില്‍ സി.ഡി പിടിച്ചെടുക്കാമെന്ന നിഗമനത്തിലാണ് കമ്മീഷന്‍.
ഇന്ന് തന്നെ സിഡി കണ്ടെടുക്കാനാണ് ശ്രമം. ബിജുവുമായി പൊലീസ് സംഘം പുറപ്പെട്ടു. മൂന്ന് പൊലീസുകാരും മൂന്ന് കമ്മീഷന്‍ അംഗങ്ങളുമാണ് ബിജുവിനൊപ്പം പോകുന്നത്. ഒപ്പം അഭിഭാഷകനും വരണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം സോളാര്‍ കമ്മിഷന്‍ തള്ളി.സംഘത്തിലുള്ളവരുടെ മൊബൈല്‍ ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭയമുള്ളതിനാലാണ് സി.ഡി കേരളത്തിന് പുറത്ത് സൂക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ബിജു പറഞ്ഞു. തന്റെ കൈവശം തെളിവുണ്ടെന്ന് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. നാലിടങ്ങളിലായി തെളിവുകള്‍ സൂക്ഷിച്ചു വച്ചിട്ട്. ബ്രെയിന്‍ മാപ്പിംഗ് അടക്കം ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയാറാണെന്നും ബിജു കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കി.
ഒരു സെറ്റ് സിഡികള്‍ വിദേശത്തുണ്ടെന്നും വിദേശത്തുളള സിഡികള്‍ ഹാജരാക്കാന്‍ രണ്ട് മാസത്തെ സമയം വേണമെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. തനിക്കും സരിതയ്ക്കും രണ്ട് നീതിയാണെന്നും സരിതയെ നുണ പരിശോധനയക്ക് ഹാജരാക്കണമെന്നും ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിയും രണ്ടു മന്ത്രിമാരും അടക്കം ആറു പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു ബിജുവിന്റെ ആരോപണം.