Biju Ramesh-S,P Sukeshan-Bar bribe case-Crime branch investigation

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശനെതിരെയും ബിജു രമേശിനെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇരുവര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ബിജു രമേശ് മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിക്കൊപ്പം ഹാജരാക്കിയ ശബ്ദരേഖയടങ്ങിയ സി.ഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.

2014 ഡിസംബര്‍ 14ന് എറണാകുളത്തെ ബാര്‍ ഉടമാ അസോസിയേഷന്‍ ഓഫീസില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ രമേശ് വെളിപ്പെടുത്തിയ കാര്യങ്ങളടങ്ങുന്നതാണ് സി.ഡി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശനും ബിജു രമേശും തമ്മിലുള്ള ബന്ധം വെളിവാകുന്ന തരത്തിലുള്ള സംഭാഷണമിതിലുണ്ട്.

ഇതിന്റെയടിസ്ഥാനത്തില്‍ ഇരുവരും തമ്മിലുള്ള ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടതാണെന്ന് ഡയറക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എസ്.പി. മൊഴിയെടുത്തപ്പോള്‍ വളരെ സൗഹാര്‍ദ്ദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഇതില്‍ പറയുന്നു. മൊഴി കൊടുത്ത അസോസിയേഷന്‍ ഭാരവാഹികളെയെല്ലാം സാക്ഷികളായാണ് ചേര്‍ത്തിട്ടുള്ളതെന്ന് എസ്.പി. പറഞ്ഞെന്നും ഇതില്‍ ബിജു രമേശ് പറയുന്നു.

Top