തിരുവനനന്തപുരം: തന്നെ ചൊറിഞ്ഞാല്‍ തനിക്ക് ധൈര്യം കൂടും, തന്നെ പേടിപ്പിക്കാന്‍ നോക്കും തോറും ചെന്നിത്തല കുടുങ്ങുമെന്നും ബിജു രമേശ്. ബാര്‍കോഴ കേസ് അന്വേഷിച്ചാല്‍ രമേശ് ചെന്നിത്തല പ്രതിയാകുമെന്ന് ബിജു രമേശ് വ്യക്തമാക്കി. കോടതിയില്‍ എഡിറ്റ് ചെയ്ത ശബ്ദരേഖയുടെ സിഡി തെളിവായി ഹാജരാക്കിയ സംഭവത്തില്‍ ബിജു രമേശിനെതിരെ നടപടി സ്വീകരിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം. താന്‍ കോടതിയില്‍ വ്യാജ ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയെന്ന് ഹര്‍ജി നല്‍കിയത് രമേശ ചെന്നിത്തലയുടെ ബിനാമിയാണ്.
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ബാര്‍ കോഴകേസില്‍ ഒന്നാം സാക്ഷിയായ ബിജു രമേശ് കോടതിയില്‍ വ്യാജ ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. കോടതിയെ കബളിപ്പിച്ച ബിജു രമേശിനെതിരെ തിരുവന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തുടര്‍ നടപടി എടുക്കുന്നില്ലെന്നും പരാതി സ്വീകരിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു. ഈ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച് അഭിഭാഷകനായ ശ്രീജിത്ത് ശ്രീധരന്റെ പരാതി സ്വീകരിച്ച് തുടര്‍ നടപടിയെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിജിലന്‍സ് കോടതിയാണ് നടപടി സ്വീകരിക്കണ്ടതെന്ന മജിസ്‌ട്രേറ്റ് കോടതി നിലപാട് ഹൈക്കോടതി തള്ളി.