മലയാളികൾക്ക് എന്നും ഏറെ പ്രിയങ്കരനായ താരമാണ് ബിജു മേനോൻ. ഇന്ന് തന്റെ അൻപതാം പിറന്നാൾ ആഘോഷിക്കുന്നതിനൊപ്പം ഇരട്ടി മധുരമായി താരം തന്റെ സിനിമ ജീവിതത്തിലെ ഇരുപത്തിയഞ്ച് വർഷങ്ങൾ തികക്കുകയാണ്. 1995 ൽ പുറത്തിറങ്ങിയ ‘പുത്രൻ’ എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയുടെ പ്രധാന ഒരു ഭാഗമായി മാറുകയായിരുന്നു ഇദ്ദേഹം.
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രങ്ങളാണ്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രൻ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ ബിജു മേനോൻ തന്റെ അഭിനയ പ്രവീണ്യം വരച്ചുകാട്ടി. തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
പിൽകാലത്ത് അഭിനയത്തിലെ ട്രാക്ക് മാറ്റി കോമഡി കഥാപാത്രങ്ങൾക്ക് മുൻതൂക്കം കൊടുത്തപ്പോഴും അതെല്ലാം വിജയം കണ്ടു. 2014-ൽ ബിജു മേനോൻ നായകനായ വെള്ളിമൂങ്ങ എന്ന ചിത്രം ആ വർഷത്തെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.
പിന്നീട് ഇങ്ങോട്ട് നായകനായും സഹതാരമായും എല്ലാം സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി വിജയക്കോടി പാറിച്ച് മുന്നേറുകയാണ് അദ്ദേഹം. ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിന്റെ പ്രകടനം ബിജു മേനോന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. മലയാളികളുടെ പ്രിയ നായിക സംയുക്ത വർമ്മയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ദക്ഷ് ധാർമിക് എന്ന ഒരു മകനും ഇവർക്കുണ്ട്. മലയാളികളുടെ പ്രിയതാരത്തിന് ഒരായിരം പിറന്നാൾ ആശംസകൾ.